അധ്യാപകർക്കും വിദ്യാർഥികൾക്കും മഞ്ഞപ്പിത്തം; പ്രതിരോധ നടപടിയുമായി ആരോഗ്യ വകുപ്പ്
1581615
Wednesday, August 6, 2025 1:13 AM IST
ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് അധ്യാപകർക്കും 10 വിദ്യാർഥികൾക്കും മഞ്ഞപ്പിത്തം പിടിപെട്ടതോടെ പ്രതിരോധ നടപടികൾ ശക്തമായി ആരോഗ്യ വകുപ്പ്. സ്കൂൾ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സ്കൂൾ മാനേജ്മെന്റും പ്രതിരോധ നടപടികൾ ആരംഭിച്ചു.
സ്കൂൾ ഉച്ചഭക്ഷണത്തിനും മറ്റുമായുള്ള വെള്ളം പുറമെനിന്ന് എത്തിച്ചു തുടങ്ങി. സ്കൂളിലെ ടാങ്ക് വൃത്തിയാക്കുകയും സ്കൂൾ പരിസരങ്ങളിലും ജലസ്രോതസുകളിലും ക്ലോറിനേഷൻ നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിണറ്റിലെ വെള്ളം പരിശോധിച്ചി രുന്നു.
കിണറ്റിലെ വെള്ളം മുഴുവൻ പമ്പ് ചെയ്ത് മാറ്റാനും പുതുതായി വരുന്ന വെള്ളം പരിശോധന നടത്തിയതിന് ശേഷം ഉപയോഗിക്കാനുമാണ് നിർദേശം. സ്കൂൾ നടത്തിപ്പിൽ മാനേജ്മെന്റിൽ തന്നെ തകർക്കങ്ങളും കോടതി നടപടികളും വർഷങ്ങളായി നടക്കുന്നതിനാൽ ഇത്തരം കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.