വെമ്പുഴ പുഴ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങൾ നശിക്കുന്നു
1581616
Wednesday, August 6, 2025 1:13 AM IST
ഇരിട്ടി: എടൂർ,ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ വെമ്പുഴപുഴയിൽ നിർമിച്ച തടയണയുടെ പാർശ്വഭിത്തി ഇരുവശത്തും തകർന്നിട്ടു വർഷങ്ങളായി. തടയണക്കായി നിർമിച്ച പാർശ്വഭിത്തി തകർന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പുഴ കൃഷിയിടങ്ങളിലൂടെ ഒഴുകി കൃഷികൾ നശിച്ചു തുടങ്ങി.
മഴവെള്ളം കുത്തിയൊഴുകിയുണ്ടായ കരയിടിച്ചിലിൽ രണ്ട് വീടുകൾ ഭീഷണി നേരിടുകയാണ്. അയ്യൻകുന്ന് പഞ്ചായത്തിലെ ഇടവലത്ത് ഉണ്ണിയുടെ വീടും കിണറും, ഇടവലത്ത് കൃ ഷ്ണന്റെ വീടുമാണ് അപകട ഭീഷണി നേരിടുന്നത്. ആറളം പഞ്ചായത്തിലെ തോണക്കര ടി.പി. ജോർജിന്റെ മകൾ സീന മാത്യുവിന്റെ പേരിലുള്ള 45 സെന്റ്, മകൻ അനീഷിന്റെ 40 സെന്റ് , മണപ്പാൻതോട് ജോർജിന്റെ 65 സെന്റ് എന്നിവ ചെളിയും പ്രളയാവശിഷ്ടങ്ങളും നിറഞ്ഞു ഉപയോഗശൂന്യമായി. പുഴ ഗതിമാറി കൃഷിയിടത്തിലൂടെയാണ് ഒഴുകുന്നത്.
തോണക്കര ജോർജിന്റെ 110 റബർ മരങ്ങൾ ടാപ്പ് ചെയ്യാൻ പറ്റുന്നില്ല. മലവെള്ളപ്പാച്ചിലിൽ മിക്ക മരങ്ങളുടെയും ചുവടിൽ നിന്ന് മണ്ണെടുത്തുപോയി വേരുകൾ പുറത്തായ നിലയിലാണ്. ആറു വർഷം മുന്പ് മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ പദ്ധതി പ്രകാരം 25 ലക്ഷം ചെലവിലാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖേന തടയണ നിർമിച്ചത്.
ഇപ്പോൾ തടയണ പദ്ധതിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. പരാതി ആരോടു പറയണമെന്ന് പ്രതിസന്ധി നേരിടുന്ന കർഷകർക്കും അറിയില്ല. നിർമാണം പൂർത്തിയാക്കി രണ്ട് തവണ ജലസേചനത്തിനായി പദ്ധതി ഉപയോഗപ്പെടുത്തിയെങ്കിലും പിന്നീട് ബന്ധപ്പെട്ടവർ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയില്ല. പ്രദേശത്തെ കർഷകർക്ക് ജലസേചന സൗകര്യം ഒരുക്കുകയായിരുന്നു തടയണയുടെ ലക്ഷ്യം.
രണ്ട് വർഷം കഴിയും മുൻപേ ഇരുകരകളിലും കരിങ്കൽകൊണ്ടു കെട്ടിയ പാർശ്വ ഭിത്തി ഇടിഞ്ഞു. പിന്നീട് കൃഷിഭൂമിയിലൂടെയായി പുഴയുടെ ഒഴുക്ക്. തടയണയുടെ മരപ്പലകകൾ മൂന്ന് വർഷം മുന്പത്തെ കാലവർഷത്തിൽ ഒഴുകിപ്പോയതോടെ വേനൽക്കാലത്ത് വെള്ളം തടഞ്ഞുനിർത്താൻ കഴിയാതെയായി. തടയണയുടെ ഷട്ടറിന്റെ തൂണുകൾ തമ്മിൽ അകലം കുറവായതാണ് ഇപ്പോൾ സമീപത്തെ കർഷകർ നേരിടുന്ന പ്രശ്നം.
മഴക്കാലത്ത് മലവെള്ള പാച്ചിലിൽ മരങ്ങളും ചപ്പുചവറുകളും വന്നടിഞ്ഞു ഒഴുക്ക് തടസപ്പെടുന്നതോടെ പുഴ പൂർണമായും കൃഷി ഇടത്തിലൂടെയാണ് ഒഴുകുന്നത്. കല്ലും മണ്ണും അടിഞ്ഞു തടയണയുടെ മുകൾ വശത്തെ പുഴയുടെ ആഴം കുറഞ്ഞതിനാൽ ചെറിയ മഴയ്ക്ക് പോലും കൃഷിയിടങ്ങളിലേക്കു കരകവിഞ്ഞ് വെള്ളം പരന്ന് തടാകതുല്യമായ സാഹചര്യമാണുള്ളത്.
മന്ത്രിയുടെ നിർദേശവും പ്രാവർത്തികമായില്ല
വെമ്പുഴയിൽ തടയണയുടെ പാർശ്വഭിത്തി തകർന്നതു കെട്ടി സംരക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ പദ്ധതി തയാറാക്കി നടപ്പിലാക്കാൻ മന്ത്രി ഒ.ആർ. കേളു കഴിഞ്ഞ വർഷം ഡിസംബർ 16 ന് ഇരിട്ടിയിൽ നടത്തിയ താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ആറളം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എടൂരിലെ തോണക്കര ടി.പി. ജോർജ് നൽകിയ അപേക്ഷയിലായിരുന്നു മന്ത്രിയുടെ നടപടി.
വെമ്പുഴയുടെ അരിക് കെട്ടി സംരക്ഷിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ആവശ്യമാണെന്നും അതിർത്തി പൂർണമായും കെട്ടി സംരക്ഷിക്കാതെ ചെറിയൊരു ഭാഗം മാത്രമായി സംരക്ഷണ ഭിത്തി കെട്ടുന്നത് ഭാവിയിൽ കൂടുതൽ മണ്ണിടിച്ചിലിനു കാരണമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെയാണ് പുതിയ പദ്ധതി തയാറാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ ഇനിയും നടപടി ഉണ്ടായിട്ടില്ല.