എസ്എഫ്ഐ അട്ടിമറിക്ക് പോലീസ് കൂട്ടുനിന്നു: മാർട്ടിൻ ജോർജ്
1581922
Thursday, August 7, 2025 2:01 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ അട്ടിമറി പ്രവർത്തനങ്ങൾക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. രാവിലെ മുതൽ താവക്കര കാമ്പസ് പരിസരത്ത് എസ്എഫ്ഐ പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
വോട്ട് ചെയ്യാൻ എത്തുന്ന യുഡിഎസ്എഫ് പ്രതിനിധികളെ തടയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എംഎസ്എഫ് സ്ഥാനാർഥിയുടെ പക്കൽ നിന്ന് ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് ഓടിയ എസ്എഫ്ഐ സ്ഥാനാർഥിയെ പോലീസ് പിടികൂടിയെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.പോലീസിനെതിരെയും എസ്എഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കുകയുണ്ടായി. എസ്എഫ്ഐ ഭീഷണിക്ക് മുന്നിൽ പോലീസ് കീഴടങ്ങുന്ന കാഴ്ചയായിരുന്നു.
യൂത്ത് ലീഗുകാർ
ആയുധങ്ങളുമായെത്തി: കെ.കെ.രാഗേഷ്
കണ്ണൂർ: എസ്എഫ്ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് അക്രമത്തിലൂടെ പിടിച്ചെടുക്കാൻ യൂത്ത് ലീഗുകാർ വാഹനത്തിൽ ആയുധങ്ങളുമായി എത്തിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. കള്ളവോട്ടിലൂടെയും അക്രമത്തിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം എസ്എഫ്ഐ തടയുകയാണ് ചെയ്തത്. കാന്പസിൽ തന്പടിച്ച് യൂത്ത് ലീഗ് ആക്രമണത്തിന് നേതൃത്വം നൽകുകയായിരുന്നുവെന്നും കെ.കെ.രാഗേഷ് പറഞ്ഞു.