പുതുക്കിയ ഉച്ചഭക്ഷണ മെനു പലയിടത്തുമായില്ല
1581609
Wednesday, August 6, 2025 1:12 AM IST
കണ്ണൂർ: ഈ മാസം ഒന്നു മുതൽ സ്കൂളുകളിലെ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് നടത്തണമെന്ന സർക്കാർ ഉത്തരവ് പലയിടത്തും നടപ്പായില്ല. മെനു പുതുക്കി നിശ്ചയിച്ചെങ്കിലും ഫണ്ട് വർധിപ്പിക്കാത്തതാണ് മെനു പ്രാബല്യത്തിൽ വരുത്താൻ തടസം.
മെനു പുതുക്കിയിട്ടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള 6.78 രൂപയും ആറു മുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയും തന്നെയാണ് അനുവദിച്ചിരിക്കുന്നത്. പാചക വാതകം, പച്ചക്കറി, സാധനങ്ങൾ കൊണ്ടുവരുന്നതിന്റെ ചെലവ് എന്നിവയെല്ലാം വഹിക്കേണ്ടത് ഇതിൽ നിന്നാണ്. സാധാരണ ഭക്ഷണത്തിന് തന്നെ തുക തികയുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് പുതുക്കിയ മെനു നടപ്പാക്കിയത്.
ജനകീയ പങ്കാളിത്തത്തോടെ പുതുക്കിയ മെനു നടപ്പാക്കാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് ജില്ലയിൽ പലയിടത്തും പ്രയോഗികമാകുന്നില്ല. പുതുക്കിയ മെനുവിൽ ചോറ്, സാന്പാറ്, തോരൻ, ഇലക്കറികൾ, ഫ്രൈഡ് റൈസ് എന്നിവയുൾപ്പെടെ വ്യത്യസ്ത ദിവസങ്ങളിലായി 20 ഇനങ്ങളും ആറ് സ്പെഷൽ വിഭവങ്ങളും വിവിധയിനം ചമന്തികളുമാണ് ശിപാർശ ചെയ്യുന്നത്. ഫണ്ടിന്റെ അപര്യാപ്ത കാരണം പുതുക്കിയ മെനു എന്നത് പലയിടത്തും ഫണ്ടിൽ ഒതുങ്ങുന്ന മെനുവായാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതുക്കിയ മെനു പ്രകാരമുള്ള വിഭവങ്ങൾ തയാറാക്കാൻ പല പാചകതൊഴിലാളികൾക്കും അറിയില്ലെന്ന അവസ്ഥയുമുണ്ട്. അറിയാവുന്നവർ ഉണ്ടെങ്കിൽ തന്നെ തയാറാക്കലും ബുദ്ധിമുട്ടാണ്. സർക്കാർ നിർദേശിക്കുന്ന വിഭവങ്ങൾ ഒരുക്കാൻ കൂടുതൽ പാചകതൊഴിലാളികളും വേണ്ടതുണ്ട്.
150 ൽ അധികം കുട്ടികളുള്ള സ്കൂളിൽ രണ്ട് പാചകതൊഴിലാളികൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലു നടപ്പായിട്ടില്ല. 500നു മേൽ കുട്ടികളുള്ള സ്കൂളുകളിൽ മാത്രമാണ് രണ്ടു പാചകത്തൊഴിലാളികളെ നിയോഗിക്കാൻ സർക്കാർ അനുവദിച്ചത്. 250 ൽ അധികം കുട്ടികളുള്ള സ്കൂളുകളിലെ പാചക ത്തൊഴിലാളികളിൽ പലരും തങ്ങളുടെ കൈയിൽ നിന്ന് പണമെടുത്ത് ഒരു സഹായിയെ കൂടി നിയോഗിച്ചാണ് ജോലികൾ പൂർത്തിയാക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ഇവരുടെ വേതനം വർധിപ്പിച്ചിട്ടുമില്ല. നാലു വർഷം മുന്പുള്ള 600 രൂപയാണ് ഇപ്പോഴും പ്രതിദിന വേതനം.
പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയൊന്നും തൊഴിലാളികൾക്കില്ല കുറഞ്ഞ വേതനമായിട്ടും കുട്ടികളുടെ കാര്യം എന്നതിനാലാണ് തങ്ങൾ ഈമേഖലയിൽ തുടരുന്നതെന്നാണ് പാചക തൊഴിലാളികൾ പറയുന്നത്.
ഫണ്ട് പുതുക്കിയുള്ള ഉത്തരവും
വേണം: കെപിപിഎച്ച്എ
കുട്ടികൾക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി പരിശ്രമിക്കുന്നുമുണ്ട്. നിലവിലെ തുക കൊണ്ട് പുതുക്കിയ മെനു നടപ്പിലാക്കൽ അപ്രായോഗികമാണ്.
പുതുക്കിയ മെനു നടപ്പാക്കണമെന്ന് നിർബന്ധബുദ്ധി പോലെ കമ്പോള വിലയനുസരിച്ച് ഫണ്ടും വർധിപ്പിക്കണം. പാചകതൊഴിലാളികൾക്ക് വേതനം വർധിപ്പിക്കുകയും വിഭവങ്ങൾ തയാറാക്കാനുള്ള പരിശീലന നടപടികളും സ്വീകരിക്കണം. ഇതെല്ലാം സാധ്യമായാലേ സർക്കാർ ഉത്തരവ് പ്രകാരമുള്ള പുതിയ മെനു അതിന്റെ ലക്ഷ്യത്തിലെത്തുകയുള്ളൂവെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പ്രസ്താവനയിൽ പറഞ്ഞു.