തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ‘മൂന്ന് ടേം’തുടരും
1581607
Wednesday, August 6, 2025 1:12 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിബന്ധനങ്ങളിൽ അയവു വരുത്താ തെ മുസ്ലിം ലീഗ്. മൂന്നു തവണ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായവരെ പരിഗണിക്കേണ്ടെന്ന 2020 ലെ പാർട്ടി തീരുമാനം ഒരു സ്ഥിരം സംവിധാനമായി കൊണ്ടുവരികയാണ് ലക്ഷ്യം. മൂന്ന് ടേം വ്യവസ്ഥ കർശനമാക്കി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായം യൂത്ത് ലീഗിലും ശക്തമാണ്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ തന്നെ ഇത്തവണ ഇക്കാര്യം ഓർമപെടുത്തുകയും ചെയ്തിരുന്നു. തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥ മുസ്ലിം ലീഗിൽ നടപ്പാക്കാനുള്ള സാധ്യത തെളിഞ്ഞതോടെ ഇരകളാകുന്ന നേതാക്കള്‍ക്ക് ആശങ്ക ഉണ്ട്. സ്ഥാനം നിലനിർത്താനുള്ള നീക്കവും അണിയറയിൽ ശക്തമാണ്.
ഒരു വീട്ടിൽനിന്ന് ഒരു സ്ഥാനാർഥി മതി, 30 ശതമാനം സീറ്റുകൾ യുവതി-യുവാക്കൾക്കും പുതുമുഖങ്ങ ൾക്കും നീക്കിവയ്ക്കണം എന്നീ നിർദേശങ്ങളും ഉയരുന്നുണ്ട്. അംഗങ്ങളായവരെ തന്നെ പ്രവർത്തനം പരിശോധിച്ചതിനുശേഷം മാത്രം തുടർഅവസരം എന്ന നിർദേശവും ഉണ്ട്. തീരുമാനം കർശനമായി നടപ്പാക്കാൻ സാധ്യത തെളിഞ്ഞതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്ന് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇത്തവണ മാറി നില്‍ക്കേണ്ടി വരും.
പാർട്ടിയിലെ ചിലർക്ക് ഈ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും പൊതുവെ ഏറെ പ്രശംസിക്കപ്പെട്ട തീരുമാനമായിരുന്നു 2020 ലേത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും മാതൃകയാക്കാവുന്ന നിർദേശമാണിതെന്ന അഭിപ്രായവും കഴിഞ്ഞ തവണ വ്യാപകമായിരുന്നു.
കണ്ണൂർ കോർപറേഷനിലും ഇക്കാര്യം കർശനമാക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിർബന്ധമാക്കിയപ്പോൾ മത്സരിക്കാൻ അവസരം കിട്ടാത്തതിന്റെ പേരിൽ കണ്ണൂരിൽ നേതാക്കളെ ഓഫിസിൽ തടഞ്ഞ സംഭവമടക്കം വിവിധ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇത്തവണയും കർശന നിലപാടുമായി നേതൃത്വം മുന്നോട്ട് പോകുമെന്നാണ് ജില്ലയിലെ ഒരു പ്രധാന നേതാവ് ദീപികയോട് പറഞ്ഞത്.
പാർട്ടി നേതൃത്വത്തിനെതിരേ പ്രതിഷേധിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. പുതിയ പ്രവർത്തകർക്ക് അവസരം കൊടുക്കുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എംഎൽഎമാരടക്കം മൂന്ന് സംസ്ഥാന നേതാക്കൾക്ക് ചുമതല കൊടുത്തു. ജില്ലാതല യോഗങ്ങളും നടന്നു കഴിഞ്ഞു.
ജില്ലകളിലെ കോർപറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ മുതിർന്ന നേതാക്കളെ ഉൾപെടുത്തി സ്റ്റിയറിംഗ് കമ്മിറ്റികൾ രൂപീകരിക്കുകയും നിരീക്ഷകന്മാരെ ചുമതലപ്പെടു ത്തി പ്രവർത്തനം കാര്യക്ഷമമാക്കുവാനും ലീഗ് തിരുമാനിച്ചിട്ടുണ്ട്.