ബാങ്കുകളിലെ കരാർവത്കരണം അവസാനിപ്പിക്കണം: ബാങ്ക് റിട്ടയറീസ് ഫോറം
1582854
Sunday, August 10, 2025 8:41 AM IST
കണ്ണൂർ: രാജ്യത്തെ ബാങ്കുകളിൽ കരാർവത്കരണം അവസാനിപ്പിച്ച് മൂന്നു ലക്ഷത്തോളം ഒഴിവുകളിൽ സ്ഥിരനിയമനം നടത്തണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം (എകെബിആർഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, യുപിഎസ് നിർത്തലാക്കി എല്ലാവർക്കും പെൻഷൻ പദ്ധതി ബാധകമാക്കുക, വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം ബാങ്ക് വഹിക്കുക, കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ച് കേരളാ ബാങ്കിലൂടെ തന്നെ നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. റിട്ടയറീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാബു, കേന്ദ്ര സർവീസ് പെൻഷൻകാരുടെ കോ-ഓർഡിനേഷൻ കൺവീനർ കെ. മോഹനൻ, കെ.എം. അച്ചുതൻകുട്ടി, അമൽ രവി, സി.പി. നരേന്ദ്രൻ എം.എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി കെ. പ്രകാശനെയും സെക്രട്ടറിയായി ടി.ആർ. രാജനെയും തെരഞ്ഞെടുത്തു.