‘ഗുണ്ടകൾക്ക് പ്രോത്സാഹനം കൊടുക്കുന്ന സംഘടനയായി എസ്എഫ്ഐ അധപതിച്ചു’
1582187
Friday, August 8, 2025 2:14 AM IST
കണ്ണൂർ: ഗുണ്ടകളെ വളർത്തുകയും അവർക്ക് എല്ലാ പിന്തുണയും നൽകി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘടനയായി എസ്എഫ്ഐ അധപതിച്ചുവെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ. മാതമംഗലം സ്കൂളിലെ തെരഞ്ഞെടുപ്പ് കൺവൻഷൻ കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കെഎസ്യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയെയും കെഎസ്യു പയ്യന്നൂർ കോളജ് യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിയെയും പുറത്തു നിന്നും സംഘടിച്ചെത്തിയ ഡിവൈഎഫ് ഐ പ്രവർത്തകർ മാരകായുധങ്ങളും മെഷീൻ കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പല വിദ്യാലയങ്ങളിലും നടക്കുകയാണ്. ഇത്തരം രീതിയിൽ ജനാധിപത്യത്തെ അട്ടിമറിച്ച് എസ്എഫ്ഐ നടത്തുന്ന നീക്കങ്ങൾ തോൽവി സമ്മതിച്ചതിന് തുല്യമാണെന്നും എസ്എഫ്ഐയുടെ ആക്രമണത്തെ എന്തു വില കൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്നും എം.സി. അതുൽ പറഞ്ഞു.
പ്രതിഷേധിച്ചു
കണ്ണൂര്‍: മാതമംഗലം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ കെഎസ്യു യൂണിറ്റ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ എസ്എഫ്ഐക്കാരും പുറമേ നിന്നുള്ള ഡിവൈഎഫ്ഐ ക്രിമിനലുകളും ആക്രമിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പ്രതിഷേധിച്ചു.
വിദ്യാലയങ്ങളിലും കലാലയങ്ങളിലും സംഘര്‍ഷം വിളിച്ചുവരുത്തുന്ന നിലപാടില്‍ നിന്ന് എസ്എഫ്ഐ പിന്മാറണം. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണമെന്നും മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.