ആറളം ഫാമിൽ "ഒരു വീട്ടിൽ ഒരു സംരംഭം' പദ്ധതിയുമായി കുടുംബശ്രീ
1582438
Saturday, August 9, 2025 1:29 AM IST
ഇരിട്ടി: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും കുടുംബശ്രീ ആറളം സ്പെഷൽ പ്രൊജക്റ്റ് ടീമിന്റെയും നേതൃത്വത്തിൽ ആറളം പുനരധിവാസ മേഖലയിലെ ആറ് ബ്ലോക്കുകളിലെയും വീടുകളിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമായി.
ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക കേന്ദ്രമായി ആറളത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കൃഷിയെ പുത്തൻ സാങ്കേതിക വിദ്യകളും അത്യുത്പാദന ശേഷിയുള്ള വിത്തുകളും നൽകി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള നടപടികളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.
തുടർന്ന് നെയ്ത്തു പരിശീലനം വഴി 15 പേർക്ക് തൊഴിൽ പരിശീലനവും നെയ്ത്തുപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും നൽകും.
കുടുംബശ്രീ ആറളം ബ്രാൻഡഡ് തേൻ യൂണിറ്റുകൾ, ആദി കുട നിർമാണ യൂണിറ്റുകൾ, പുൽത്തൈലം യൂണിറ്റ്, മൃഗ പരിപാലനം, കേരള ചിക്കൻ ഫാം, ക്ഷീര ഫാം, പലഹാര യൂണിറ്റ്, ആറളം നിവാസികളുടെ തനതു ഭക്ഷ്യ വിഭവങ്ങൾ നിർമിക്കുന്ന ഭക്ഷ്യ യൂണിറ്റ്, കാറ്ററിംഗ് യൂണിറ്റ്, മുട്ടക്കോഴി യൂണിറ്റ്, ചെറുധാന്യ വിഭവങ്ങൾ നിർമിക്കുന്ന ഭക്ഷ്യ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുത്തി "ഒരു വീട്ടിൽ ഒരു സംരംഭം' എന്ന വിപുലമായ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർണതോതിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനം നൽകും. ആറളം മേഖലയിലെ വന്യജീവി ശല്യത്തിൽ ഉൾപ്പെടെ പ്രതിരോധ നടപടികൾ സ്പെഷൽ പ്രോജക്റ്റ് ടീമും ആറളം കുടുംബശ്രീ പ്രവർത്തകരും ചർച്ച ചെയ്യും.
ഇതിനായി റെയിൽ ഫെൻസിംഗ് സംവിധാനം ജനവാസ മേഖലകളിൽ ഒരുക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നു.
നിലവിൽ ആറളം ഫാമിൽ 56 കർഷക ജെഎൽജി ഗ്രൂപ്പുകളും, രണ്ട് ആദി കുട നിർമാണ യൂണിറ്റുകൾ, 13 ബ്രിഡ്ജ് കോഴ്സ് സെന്റർ, പുൽത്തൈല നിർമാണ യൂണിറ്റ്, വ്യക്തിഗത സംരംഭങ്ങൾ, കുടുംബശ്രീ എതനിക് കാന്റീൻ, കൊക്കോസ് വെളിച്ചെണ്ണ മിൽ എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്.