സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അഭിവാദ്യം സ്വീകരിക്കും
1582178
Friday, August 8, 2025 2:14 AM IST
കണ്ണൂർ: ജില്ലയിൽ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 15ന് രാവിലെ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
തുടർന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്കും. പോലീസ്, എക്സൈസ്, വനം-വന്യജീവി വകുപ്പ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്പിസി, ജൂണിയർ റെഡ് ക്രോസ് തുടങ്ങി 18 ഓളം പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. ഡിഎസ്സി, സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, ആർമി സ്കൂൾ എന്നിവരുടെ ബാൻഡ് സെറ്റ് ഉണ്ടാകും. എആർ കമാൻഡന്റിന്റെ പൂർണ ചുമതലയിൽ ആയിരിക്കും പരേഡ്.
കാണികൾക്ക് പരേഡ് വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 11, 12, 13 തിയതികളിൽ റിഹേഴ്സൽ പരേഡ് നടക്കും.
ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. പരേഡിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ട്രാൻസ്പോർട്ട് വകുപ്പ് യാത്രാസൗകര്യം ഏർപ്പെടുത്തും. സ്കൂൾ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടത്.