വീസ വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസിയിൽനിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
1582190
Friday, August 8, 2025 2:14 AM IST
ഇരിട്ടി: വീസ വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസിയിൽനിന്ന് പണം തട്ടിയെടുത്ത് വഞ്ചിച്ചെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. പായം വട്ട്യറ സ്വദേശി ജോൺ ക്രിസ്റ്റഫറിനെയാണ് (45) കരിക്കോട്ടക്കരി സിഐ കെ.ജെ. വിനോയിയും സംഘവും എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്. അങ്ങാടിക്കടവിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന വാണിയപ്പാറ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വീസ വാഗ്ദാനം ചെയ്ത് പ്രതി 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംസ്ഥാനത്ത് വിവിധ ജില്ലകളിലും ഇയാൾക്കെതിരെ വീസ തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ വാക്കുകളിൽ വിശ്വസിച്ച ട്രാവൽ ഏജന്റ് വിദേശത്തേക്ക് പോകാൻ താത്പര്യമുള്ളവരിൽ നിന്ന് പണം വാങ്ങി ഇയാൾക്ക് നൽകുകയായിരുന്നു.വീസയോ വാങ്ങിയ പണമോ നൽകാതെ വഞ്ചിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. എസ്ഐ മുഹമ്മദ് നജിമി, എഎസ്ഐ പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫിസർ സുകേഷ് ഊരത്തൂർ, ഇരിട്ടി ഡിവൈ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗം എ.എം. ഷിജോയി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.