ആലക്കോട്-കോളി റോഡ് തകർന്നു
1582447
Saturday, August 9, 2025 1:29 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആലക്കോട്-കോളി റോഡ് തകർന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിലാണ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടത്. കോളി പ്രദേശത്തെ ആലക്കോട് ടൗണുമായി ബന്ധിപ്പിച്ചുള്ള റോഡാണിത്.
കോളി, പൂവൻചാൽ, ഉന്നതി ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. ആലക്കോട്-ഉദയഗിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്.
ബജറ്റിൽ ഒരുകോടിയിലധികം തുക അനുവദിച്ചതായി കാണിച്ച് രാഷ്ട്രീയ പാർട്ടികൾ നേരത്തേ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. അതിന് ശേഷം ഒരു നിർമാണ പ്രവൃത്തിയും ഇവിടെ നടന്നിട്ടില്ല. മഴ കനത്തതോടെ റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമായ നിലയിലാണ്.