മട്ടന്നൂർ മഹാദേവക്ഷേത്രം എക്സിക്യുട്ടിവ് ഓഫീസറുടെ നിയമനം പുനഃപരിശോധിക്കണം: കോൺഗ്രസ്
1582437
Saturday, August 9, 2025 1:29 AM IST
മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസറുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാർ ദേവസ്വം ബോർഡിൽ അനർഹരായവരെ പ്രധാന സ്ഥാനങ്ങളിൽ തിരുകിക്കയറ്റുകയാണ്.
10 വർഷത്തെ സർവീസ് ഉള്ളയാൾക്ക് മാത്രമേ ഗ്രേഡ് നാല് എക്സിക്യുട്ടിവ് ഓഫീസറായി സ്ഥാനക്കയറ്റം നൽകാവൂ എന്നിരിക്കെ രണ്ടുവർഷം തികയും മുമ്പാണ് മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ എക്സിക്യുട്ടിവ് ഓഫീസർക്ക് നിയമനം നൽകിയത്. മുമ്പ് ജോലി ചെയ്ത ക്ഷേത്രത്തിൽ ഇദ്ദേഹം സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് തുക തിരിച്ചടച്ചതാണ്. ക്ഷേത്രഭൂമികൈമാറ്റം സംബന്ധിച്ച് അന്വേഷണം നേരിടുന്നുണ്ട്.
10 വർഷം മലബാർ ദേവസ്വം ബോർഡിൽ നടന്ന മുഴുവൻ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഹൈക്കോടതി ദേവസ്വം ബഞ്ച് പരിശോധിച്ച് അനർഹരായവരെ പിരിച്ചുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി വി.ആർ. ഭാസ്കരൻ, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, ടി.വി. രവീന്ദ്രൻ, ഒ.കെ. പ്രസാദ്, എ.കെ. രാജേഷ്, കെ. മനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.