അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കണ്ണൂർ അക്കാദമിയുടെ കുതിപ്പ്
1582439
Saturday, August 9, 2025 1:29 AM IST
തലശേരി: ജില്ലാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 109 ഇനങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാന്പ്യന്മാരായ കണ്ണൂർ അത്ലറ്റിക് അക്കാദമി 132 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. തലശേരി അത്ലറ്റിക് ക്ലബ് 102 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഗവ. മുൻസിപ്പൽ വിഎച്ച്എസ്എസ് കണ്ണൂർ 92 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
കാപ്റ്റൻ അക്കാദമി ചെറുപുഴ മീന്തുള്ളി-70, യുവധാര കതിരൂർ-50, എന്നിങ്ങനെ പോയിന്റ് നേടി. രണ്ടാംദിനം രണ്ട് മീറ്റ് റിക്കാർഡുകളാണ് പിറന്നത്. അണ്ടർ 20 വനിതാ വിഭാഗത്തിൽ 3000 മീറ്റർ ഓട്ടത്തിലും അണ്ടർ 60 മീറ്റർ ഓട്ടത്തിലുമാണ് മീറ്റ് റിക്കാർഡുകൾ.
ഇരട്ടസ്വര്‍ണവുമായി നിയ
ജില്ലാ അതിലറ്റിക്സ് ചാന്പ്യന്ഷിപ്പില് റിക്കാര്ഡോടുകൂടി ഇരട്ട സ്വര്‍ണം നേടി നിയ മോൾ. പരാധീനതക്കിടയിലും ജീവിതാനുഭവങ്ങള്‍ നല്കിയ കരുത്താണ് ഈ കൊച്ചുമിടുക്കിക്ക് നേട്ടത്തിലേക്കുള്ള വഴിയായത്. 1500 മീറ്റര്‍ ഓട്ടത്തിലാണ് ആദ്യം സ്വര്‍ണം നേടിയത്. 3000 മീറ്റര്‍ ഓട്ടത്തോടെ അത് ഇരട്ട വിജയമായി. അണ്ടര്‍ 20 വനിതാ വിഭാഗത്തില്‍ 3000 മീറ്ററില്‍ കെ.പി. ശ്രീതുവിന്റെ (അമിഗോസ് സ്പോര്‍ട്സ് ക്ലബ് പ്രാപ്പൊയില്‍) 2022ലെ 13.07.05 റിക്കാര്‍ഡ് തകര്‍ത്താണ് സ്വര്‍ണം നേടിയത്. കോഴിച്ചാല്‍ ജിഎച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കാപ്റ്റന്‍ അക്കാദമി മീന്തുളിയില് കാപ്റ്റന്‍ സി.കെ. മാത്യുവിന്റെ കീഴിലാണ് പരിശീലനം.
അമ്മ മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണ്. അമ്മയുടെ വൃദ്ധരായ മാതാപിതാക്കള്‍ക്കൊപ്പം പുളിങ്ങോത്താണ് നിയ താമസിക്കുന്നത്. പിന്നാക്കം നില്ക്കുന്ന നിയയുടെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കിയ പരിശീലകന് മത്സരങ്ങളുടെ മുഴുവന്‍ ചെലവുകളും വഹിക്കുന്നത് അക്കാദമിയിലൂടെയാണ്.