അപകടക്കുഴികൾ കാണാതെ അധികൃതർ
1582183
Friday, August 8, 2025 2:14 AM IST
ഇരിട്ടി: ഇരിട്ടി- ഇരിക്കൂർ സംസ്ഥാന പാതയിൽ തന്തോട് കവലയ്ക്കരികിലെ വെള്ളക്കെട്ടും കുഴിയും ഇരുചക്ര വാഹന യാത്രക്കാരേയും കാൽനടയാത്രക്കാരേയും അപകട ഭീഷണിയിലാക്കുന്നു. കാലവർഷം ആരംഭിച്ചതു മുതൽ കുഴിയിലും വെള്ളക്കെട്ടിലും വീണ് നിരവധി അപകടങ്ങളാണ് ഉണ്ടായത്. സ്ഥിരമായി വെള്ളക്കെട്ട് ഉള്ള പ്രദേശമായിട്ടും പരിഹരിക്കാനുള്ള ഒരു നടപടിയും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല.
റോഡിന്റെ വീതിക്കുറവും ചെറിയ വളവും ഉള്ളപ്പോൾ വെള്ളക്കെട്ട് ഓഴിവാക്കി വാഹനങ്ങൾ നീങ്ങുന്നത് അപകടത്തിന് കാരണമാകുന്നു. തന്തോട് കവലയിൽ ബസ് ഇറങ്ങുന്ന യാത്രക്കാരും വെള്ളക്കെട്ട് കടന്നുവേണം പോകാൻ.
വെള്ളക്കെട്ട് കാരണം പലപ്പോഴും റോഡിലെ കുഴി തിരിച്ചറിയാൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളാണ് കുഴയിൽ വീണ് അപകടത്തിൽ പെടുന്നത്.
കഴിഞ്ഞ കാലവർഷത്തിലും ഇവിടെ രണ്ട് വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. അപകടം പതിവായതോടെ പൊതുമരാമത്ത് വകുപ്പ് താല്ക്കാലികമായി കുഴിയടച്ച് തടിയൂരിയിരുന്നു. ഇത്തവണ കാലവർഷം ശക്തിയായതോടെ അടച്ചതെല്ലാം പൊളിഞ്ഞുപോകുകയും മുൻവർഷത്തേക്കാൾ വലിയ കുഴി രൂപപ്പെടുകയും ചെയ്തു. റോഡിലെ വെള്ളകെട്ട് ഒഴിവാക്കാൻ ഓവുചാൽ നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാകും.