ജില്ലാ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി
1582436
Saturday, August 9, 2025 1:29 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി. 11ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിക്കും. അഞ്ചുനില കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒപികളുണ്ട്. മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപറേറ്റീവ് വാർഡ്, മെഡിക്കൽ ഐസിയുകൾ, സർജിക്കൽ ഐസിയുകൾ, ഡയാലിസിസ് യൂണിറ്റ്, വിവിധ നിലകളിലായി 23 എക്സിക്യൂട്ടീവ് പേ വാർഡുകളും പ്രവർത്തന സജ്ജമാണ്.
"ആർദ്രം' മിഷനിൽ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാംഘട്ടത്തിലാണ് പുതിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം ഉൾപ്പെടുത്തിയത്. 61.72 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് നിലകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ശുദ്ധജല ശേഖരണ സംവിധാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആന്തരിക റോഡുകൾ, കോമ്പൗണ്ട് വാൾ എന്നിവയും നിർമിച്ചു. രണ്ട് ലിഫ്റ്റുകൾ പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഏറ്റവും താഴത്തെ നിലയിൽ സ്വീകരണ സ്ഥലം, വാഹന പാർക്കിംഗ്, 110 കെവി സബ്സ്റ്റേഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ 150 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കാത്തിരിപ്പ് ലോഞ്ചോടുകൂടിയ ഒന്പത് ഒപി കൺസൾട്ടേഷൻ റൂമുകൾ, യുപിഎസ് റൂം, ഫാർമസി, ടോയ്ലറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
രണ്ടാം നിലയിൽ മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ. ഇതിൽ ഒടി, സ്റ്റോർ, നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടറുടെ മുറി, പ്രീ-അനസ്തേഷ്യ റൂം എന്നിവയുണ്ടാകും. മെഡിക്കൽ, സർജിക്കൽ ഐസിയുകൾ, കാത്തിരിപ്പ് സ്ഥലം, നഴ്സ് റൂം, അനസ്തേഷ്യ കൺസൾട്ടേഷൻ റൂം, ടോയ്ലറ്റുകൾ എന്നിവയുമുണ്ടാകും.
മൂന്നാം നിലയിൽ 30 കിടക്കകൾ വീതമുള്ള ജനറൽ വാർഡ്, 22 മെഷീനുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് എന്നിവയും കാത്തിരിപ്പ് കേന്ദ്രം, പോസ്റ്റ് ഡയാലിസിസ് റൂം, അഞ്ച് പേ വാർഡുകൾ, പെരിറ്റോണിയൽ ഡയാലിസിസ് റൂം, സ്റ്റോർ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. നാലാം നിലയിൽ 30 കിടക്കകളുള്ള ജനറൽ വാർഡ്, നഴ്സിംഗ് സ്റ്റേഷൻ, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നു. നിലവിൽ പ്രവർത്തിച്ചു വരുന്ന സർജിക്കൽ ബ്ലോക്ക്, ട്രോമ കെയർ, അഡ്മിൻ ബ്ലോക്ക്, അമ്മയും കുഞ്ഞും പരിചരണ ബ്ലോക്ക് എന്നിവയ്ക്കുള്ള സബ് പാനലുകലും പ്രവർത്തന സജ്ജമാണ്. പ്രതിദിനം മൂവായിരത്തിലേറെ രോഗികളാണ് ജില്ലാ ആശുപത്രിയിലെ 16 ഒപികളിലായി എത്തുന്നത്.