വളച്ചാക്ക് വേണ്ട; ഇനി വളച്ചോക്കിന്റെ കാലം
1582195
Friday, August 8, 2025 2:14 AM IST
ശ്രീജിത് കൃഷ്ണൻ
നീലേശ്വരം: ചെടികളുടെയും പച്ചക്കറികളുടെയും വളർച്ചയ്ക്കും പോഷണത്തിനും ആവശ്യമായ 11 മൂലകങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തി കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളജിൽ തയാറാക്കിയ വളച്ചോക്കുകൾ വിപണിയിലേക്ക്.
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, സിങ്ക്, ബോറോൺ, കോപ്പർ എന്നീ 11 മൂലകങ്ങൾ ചേർത്താണ് വിവിധ വർണങ്ങളിലുള്ള ചോക്കുകളുടെ രൂപത്തിൽ വളക്കൂട്ടുകൾ തയാറാക്കുന്നത്. ഗ്രോ ബാഗുകളിലും ചട്ടികളിലും വളർത്തുന്ന ചെടികൾക്കാണ് ഇവ കൂടുതൽ പ്രയോജനപ്രദമാകുന്നത്. ഗ്രോ ബാഗിലോ ചട്ടിയിലോ ഒരു ചോക്ക് നിക്ഷേപിച്ചാൽ ചെടിക്ക് വെള്ളം നൽകുന്നതിനൊപ്പം അത് സാവധാനം അലിഞ്ഞ് ചെടിക്ക് പോഷകങ്ങൾ നൽകും.
പച്ചക്കറികൾ നടുന്ന സമയം മുതൽ കായ്ക്കുന്നതുവരെ ജലസേചനത്തോടൊപ്പം രണ്ട് ചോക്കുകൾ മാത്രം നിക്ഷേപിച്ചാൽ മതിയെന്നാണ് കാർഷിക സർവകലാശാലയിലെ വിദഗ്ധർ പറയുന്നത്. നടുന്ന സമയത്ത് ഒരു ചോക്കും ഒരു മാസം കഴിഞ്ഞ് അത് അലിഞ്ഞുതീർന്നതിനു ശേഷം രണ്ടാമത്തേതും നിക്ഷേപിക്കാം.
രണ്ടെണ്ണത്തിനും കൂടി 10 രൂപ മാത്രമാണ് വില. സമൃദ്ധമായ വിളവ് കിട്ടുന്നതിനുള്ള പോഷകങ്ങൾ ഇതിൽനിന്നുതന്നെ ചെടികൾക്ക് കിട്ടും. വിലപിടിപ്പുള്ള വളങ്ങൾ ചാക്കുകണക്കിന് വാങ്ങേണ്ട ആവശ്യമില്ല. വളച്ചോക്കുകൾ മാത്രം ഉപയോഗിച്ച് ഗ്രോ ബാഗുകളിൽ കൃഷിചെയ്ത പച്ചക്കറികൾക്ക് സാധാരണ കിട്ടുന്ന വിളവിനേക്കാൾ 30 ശതമാനം വരെ കൂടുതൽ കിട്ടിയതായാണ് കോളജിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത്.
കാർഷിക കോളജിലെ വില്പനകേന്ദ്രത്തിലൂടെയാണ് ഇപ്പോൾ ഇവ കർഷകരിലേക്കെത്തിക്കുന്നത്. ദൂരസ്ഥലങ്ങളിലുള്ളവർക്ക് കൊറിയർ മുഖേനയും അയയ്ക്കുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഇവ വിപണിയിലെത്തിക്കുന്നതിനായി സ്വകാര്യ ഏജൻസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
കാർഷിക കോളജിലെ സോയിൽ സയൻസ് വിഭാഗത്തിനു കീഴിൽ നടത്തിയ ഗവേഷണപദ്ധതിയുടെ ഭാഗമായാണ് വളച്ചോക്കുകൾ വികസിപ്പിച്ചെടുത്തത്. സോയിൽ സയൻസ് വിഭാഗം മേധാവി ഡോ.എൻ.കെ.ബിനിത, ഡോ.പി.ആർ.സുരേഷ്, ഷമീർ മുഹമ്മദ്, ഡോ.പി.നിധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കണ്ണൂർ കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും വിവിധ കൃഷി ഭവനുകളുടെയും നേതൃത്വത്തിൽ മൂന്നുവർഷത്തോളം വിവിധതരം കൃഷികളിൽ പ്രയോഗിച്ചാണ് ഫലലഭ്യത ഉറപ്പാക്കിയത്.