ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണം: ജില്ലാതല ശില്പശാല
1582188
Friday, August 8, 2025 2:14 AM IST
കണ്ണൂർ: പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വികസിപ്പിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതിയായിരിക്കണം ഉണ്ടാവേണ്ടതെന്ന് ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ജനകീയ ചര്‍ച്ച ജില്ലാതല ശില്പശാലയില് അഭിപ്രായം. പഠനത്തോടൊപ്പം ജോലിചെയ്യുന്നതിന് അവസരം ഉണ്ടാകും വിധമായിരിക്കണം പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു. ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് ശില്പശാലയില് പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.
പൗരബോധം, മൂല്യബോധം എന്നിവ വളര്‍ത്താന്‍ ഉതകുന്നതാവണം പുതിയ പാഠ്യപദ്ധതി. വിദ്യാര്‍ഥികളില്‍ മാനവികത വളര്‍ത്താന്‍ ഫീല്‍ഡ് സന്ദര്‍ശനം, പരിസ്ഥിതി ബോധം കാര്‍ഷിക സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക, നിലവിലെ ബോധനരീതിക്ക് കാലികമായ മാറ്റം, സ്വയം ജ്ഞാന സമ്പാദത്തിനുള്ള അവസരം നല്കുന്ന പാഠഭാഗങ്ങള്‍, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അഭ്യസനം, വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍, അധ്യാപക -വിദ്യാര്‍ഥി ബന്ധം ഊഷ്മളവും ദൃഢവുമാക്കുക, സ്വയം വായിച്ച് മനസിലാക്കാവുന്ന പാഠങ്ങള്‍ ഉള്‍പ്പെടുക എന്നീ നിര്‍ദേശങ്ങളും ശില്പശാലയില് ഉയര്‍ന്നു.
ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് ശില്പശാല ഉദ്ഘാടനം ചെയ്തു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഡിഷണല്‍ ഡയറക്ടര്‍ ആര്. ഉദയകുമാരി അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേ റ്റര്‍ ഇ.സി. വിനോദ് വിഷയം അവതരിപ്പിച്ചു.