മാതമംഗലം സ്കൂളിൽ സംഘർഷം
1582194
Friday, August 8, 2025 2:14 AM IST
മാതമംഗലം: മാതമംഗലം സി.പി. നാരായണൻ മെമ്മോറിയൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്കുശേഷം മാതമംഗലം സ്കൂളിൽ യുഡിഎസ്എഫിന്റെ കൺവൻഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ കെഎസ്യു ജില്ലാ സെക്രട്ടറി നവനീത് ഷാജി, പയ്യന്നൂർ കോളജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പെരിങ്ങോം ഏരിയ സെക്രട്ടറി ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗോപികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ, മാതമംഗലം സ്കൂൾ യൂണിറ്റ് സെക്രട്ടറി ഹാസിഖ് എന്നിവർക്കും മർദനമേറ്റു.
ഇരുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്ത കൺവൻഷൻ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ പുറത്തുനിന്ന് സംഘടിച്ചെത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമണം നടത്തിയതായി കെഎസ്യു നേതാക്കൾ ആരോപിച്ചു. സ്കൂൾ അധികാരികളുടെ അനുമതി നേടിയാണ് സ്കൂളിൽ കൺവൻഷൻ നടത്തിയതെന്നും പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായും അവർ അറിയിച്ചു. പോലീസിന് ആക്രമണം തടയാൻ കഴിഞ്ഞില്ല.
14 ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇന്നാണ് നോമിനേഷൻ കൊടുക്കേണ്ടത്. അതിനു മുന്നോടിയായി നേതാക്കൾ സ്കൂളിൽ എത്തി കൺവെൻഷൻ വിളിച്ചു ചേർക്കുകയായിരുന്നു. എസ്എഫ്ഐ അല്ലാതെ മറ്റാരും മത്സരിക്കേണ്ടന്നും പ്രവർത്തനങ്ങൾക്കായി വരണ്ടെന്നും പറഞ്ഞാണ് അക്രമം അഴിച്ചുവിട്ടതെന്ന് നേതാക്കൾ ആരോപിച്ചു.