സ്കൂളിനോട് ചേർന്നുള്ള റോഡിൽ സിഗ്നൽ സംവിധാനങ്ങളില്ല; പരാതി നൽകി
1582176
Friday, August 8, 2025 2:14 AM IST
ഉദയഗിരി: നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഉദയഗിരി പ്രത്യാശ യുപി സ്കൂളിനോട് ചേർന്നുള്ള റോഡിൽ സിഗ്നൽ സംവിധാനങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പിടിഎയും മാനേജ്മെന്റും ജില്ലാ കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
തുടർന്ന് സജീവ് ജോസഫ് എംഎൽഎക്ക് സ്കൂൾ അധികൃതർ പരാതി നൽകി. റോഡ് നിർമാണം പൂർത്തിയാക്കിയിട്ടും പ്രദേശത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയിട്ടില്ല. വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയ ഉദയഗിരി - താബോർ - തിരുമേനി റോഡാണിത്. കുത്തനെയുള്ള ഇറക്കവും വളവും കൂടിയ പ്രദേശമാണ് ഇവിടം. ഉദയഗിരി സെന്റ് മേരീസ് പള്ളിയിലേക്ക് പ്രായമായവരും കുട്ടികളും അടക്കം നിരവധി ആളുകൾ പ്രവേശിക്കുന്നതും ഇതുവഴിയാണ്.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഈ പ്രദേശത്ത് സീബ്രാ ലൈൻ, സിംബോർഡ്, സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. സ്കൂൾ പരിസരത്തേക്ക് തെരുവുനായ അടക്കമുള്ളവ പ്രവേശിക്കുന്നതിനാൽ റോഡിനോട് ചേർന്ന് കമ്പിവേലി സ്ഥാപിക്കേണ്ടതുണ്ട്. ഒരു മാസം മുമ്പാണ് പ്രദേശത്ത് സ്കൂളിലേക്കെത്തിയ രണ്ടു കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റത്. അതിന് പേവിഷബാധ ഉണ്ടായിരുന്നതായി പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.