ഏരുവേശിയിലെ സിപിഎം മാർച്ച് രാഷ്ട്രീയ നാടകമെന്ന് കോൺഗ്രസ്
1582443
Saturday, August 9, 2025 1:29 AM IST
ചെമ്പേരി: സിപിഎമ്മിന്റെ നേതൃത്വത്തിൽ ഏരുവേശി പഞ്ചായത്ത് ഓഫീസിലേക്ക് ഇന്നലെ നടത്തിയ മാർച്ച് രാഷ്ട്രീയ നാടകമാണെന്ന് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ ആരോപിച്ചു.
പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എരുത്ത്കടവിൽ പുഴയിലെ ചപ്പാത്ത് പാലത്തിൽ കഴിഞ്ഞദിവസങ്ങളിൽ സംഭവിച്ച വ്യത്യസ്ത വാഹനാപകടങ്ങളുടെ പേരിലാണ് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. 10 വർഷം മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇവിടെ പുതിയപാലം നിർമിക്കാനായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പാലം നിർമാണത്തിന് ഇൻവെസ്റ്റിഗേഷന് ആറുലക്ഷം മൈനർ ഇറിഗേഷൻ വകുപ്പ് അനുവദിക്കുകയും ആദ്യഘട്ടം ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കുകയും ചെയ്തു. 15 കോടി ചെലവിൽ വിയർ കം ബ്രിഡ്ജ് നിർമിക്കാനാണ് തീരുമാനിച്ചത്.
പ്രാഥമിക കാര്യങ്ങൾ പൂർത്തിയായപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. തുടർന്ന് 10 വർഷമായി എൽഡിഎഫാണ് ഭരിക്കുന്നത്. പലത്തിനായി ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെ പരാജയം മറച്ചുവയ്ക്കാനാണ് സിപിഎം സമരത്തിനിറങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളെ തുടർന്ന് പഞ്ചായത്ത് അധികാരികൾ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.