ചെടിക്കുളം കൂവയിൽ വാനരശല്യത്തിൽ വലഞ്ഞു നാട്ടുകാർ
1582967
Monday, August 11, 2025 1:47 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കുളം കൂവയിൽ പ്രദേശത്ത് കൂട്ടത്തോടെ വാനരൻമാർ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. യാതൊരു ഭയവും ഇല്ലാതെ കൃഷിയിടത്തിൽ എത്തുന്ന കുരങ്ങുകൾ തേങ്ങ മുതൽ ഫലവർഗങ്ങൾ വരെ തിന്നും പറിച്ചിട്ടും നശിപ്പിക്കുകയാണ്. പാകമാകാത്ത അടയ്ക്ക ഉൾപ്പെടെ കുരങ്ങുകൾ പറിച്ചു നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.
വാഴ കുല, പേരക്ക, കപ്പളങ്ങ തുടങ്ങി കണ്ണിൽ കാണുന്ന ഫലവർഗങ്ങൾ ഇവ നശിപ്പിക്കുന്നു. നിരന്തരമായി തുടരുന്ന കുരങ്ങ് ശല്യത്തിന് ആരോട് പരാതി പറയും എന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. ആറളം ഫാമിൽ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകളെ നിയന്ത്രിക്കാൻ മാർഗമില്ലാതെ വലയുകയാണ് കർഷകർ.
തെങ്ങിൽ വെള്ളക്ക പോലും അവശേഷിപ്പിക്കാതെയാണ് വാനരക്കൂട്ടം ജോലി തുടരുന്നത്. തെങ്ങുംതോട്ടത്തിൽ സത്യനാഥൻ, അയൽവാസികളായ വയലുങ്കൽ സിബി, വയലുങ്കൽ ജോണി, തടത്തിൽ ദേവസ്യ, തടത്തിൽ പാപ്പൻ, തടത്തിൽ ടോമി എന്നിവരുടെ കൃഷി ഇടങ്ങളിൽ കുരങ്ങുകൾ കൂട്ടത്തോടെ എത്തി കൃഷികൾ നശിപ്പിച്ചശേഷം മടങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കപ്പ ഉൾപ്പെടെയുള്ള കൃഷികൾ പറിച്ചു നശിപ്പിക്കുന്നതും പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.
കുരങ്ങുകളുടെ ആക്രമണം ഭയന്ന് കുട്ടികളെ വീടിന് വെളിയിൽ വിടാറില്ലെന്നും ഇവർ പറയുന്നു.