കൂട്ടുപുഴയിൽ പരിശോധന ശക്തം
1582965
Monday, August 11, 2025 1:47 AM IST
ഇരിട്ടി: ഓണം, ഉത്സവ സീസൺ പ്രമാണിച്ച് നാലുമുതൽ സെപ്റ്റംബർ 10 വരെ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം സ്പെഷൽ ഡ്രൈവ് കൂട്ടുപുഴ ചെക്പോസ്റ്റിലും പരിശോധന ശകത്മാക്കി. കർണാടകയിൽ കൂട്ടുപുഴ അതിർത്തി വഴി കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾ കണ്ടെത്തി പിടികൂടാനായുള്ള പരിശോധനകളാണ് ശക്തിപ്പെടുത്തിയത്.
24 മണിക്കൂറും പരിശോധന നടത്തും. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളും ബസുകളും ഉൾപ്പെടെ പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ തുടങ്ങി നിരവധി നിരോധിത സാധനങ്ങളാണ് വിവിധ മാർഗങ്ങളിലൂടെ അതിർത്തി കടത്തി കേരളത്തിൽ എത്തിക്കുന്നത്. ബസുകളിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ പുകയില ഉത്പന്നങ്ങൾ കണ്ടെത്തുന്നത് പതിവാണ്.
കഞ്ചാവും, എംഡിഎംഎ ഉൾപ്പെടെ രാസലഹരികൾ ഭൂരിഭാഗവും കേരളത്തിലേക്ക് എത്തുന്നത് അതിർത്തികളിലൂടെയാണ്. ഓണം സീസൺ അടുക്കുന്നതോടെ ഡോഗ് സ്ക്വാഡ് പരിശോധന, കേരള കർണാടക എക്സൈസിന്റെ സംയുകത പരിശോധന എന്നിവ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടക്കും. സ്പെഷൽ ഡ്രൈവ് ആരംഭിച്ച ശേഷം രണ്ട് എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു.ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് സ്റ്റാഫുകളാണ് ജോലി ചെയ്യുന്നത്.