കർഷകദിനം കണ്ണീർ ദിനമായി ആചരിക്കും: കർഷക കോൺഗ്രസ്
1582855
Sunday, August 10, 2025 8:41 AM IST
കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകദിനമായ ചിങ്ങം ഒന്ന് കർഷക കോൺഗ്രസ് കണ്ണീർ ദിനമായി ആചരിക്കും. അന്നേദിവസം എല്ലാ നിയോജക മണ്ഡലം കമ്മറ്റി ആസ്ഥാനങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്താൻ കണ്ണൂർ ഡിസിസി ഹാളിൽ ചേർന്ന കർഷക കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.
രൂക്ഷമായ വന്യമൃഗ ആക്രമങ്ങളിൽ നിന്നും കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുക, കാർഷിക കടങ്ങൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക, പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകുക. റബറിന് കിലോയ്ക്ക് 250 രൂപ ആയി വർധിപ്പിച്ച് ഇൻസന്റീവും ബോണസും നൽകുക, തേങ്ങയുടെ വില കൂടിയപ്പോൾ സർക്കാർ വ്യവസായികളുമായി ഒത്തുകളിച്ചതിന്റെ ഫലമായി വിലയിടിഞ്ഞ സാഹചര്യത്തിൽ കേരകർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടോണി ജോസഫ് , എം.ഒ. ചന്ദ്രശേഖരൻ, പി.ഒ. ചന്ദ്രമോഹനൻ, സി.പി. സലിം, എം.വി. പ്രേമരാജൻ, ജോണി മുണ്ടയ്ക്കൽ, എ.ജെ. തോമസ്, കെ.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു.