കുന്നോത്ത് സ്വദേശി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു
1582912
Monday, August 11, 2025 12:03 AM IST
ഇരിട്ടി: വർഷങ്ങളായി ദുബായിൽ താമസിച്ചുവരുന്ന കുന്നോത്ത് സ്വദേശി നാട്ടിൽവന്ന് തിരിച്ചു പോകുന്നതിനിടെ ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കുന്നോത്ത് മൂസാൻപീടികയിലെ നവശ്രീയിൽ ഇ.പി. ബാലകൃഷ്ണൻ (68) ആണ് മരിച്ചത്. ഭാര്യയും മക്കളും മരുമക്കളുമടക്കം വർഷങ്ങളായി ദുബായിലായിരുന്നു താമസം.
ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാറുള്ള ബാലകൃഷ്ണൻ ഒരാഴ്ച മുന്പ് നാട്ടിലെത്തി ശനിയാഴ്ച വൈകുന്നേരം ദുബായിലേക്ക് മടങ്ങി. പുലർച്ചെയോടെ ദുബായ് എയർപോർട്ടിൽ എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. എയർപോർട്ട് അധികൃതർ ഉടൻ തന്നെ ബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എയർപോർട്ടിൽ എത്തിയാൽ മകനെ വിളിച്ച് കാറുമായി വരാൻ ആവശ്യപ്പെടാറുള്ള അച്ഛന്റെ ഫോണിൽ മകൻ ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഭാര്യ: പുഷ്പലത. മക്കൾ: ജിജേഷ്, സനീഷ്. മരുമക്കൾ: വീണ, വൃന്ദ. സഹോദരങ്ങൾ: ചന്ദ്രൻ (മുരിങ്ങോടി), വിശ്വൻ, ഗൗരി, പരേതയായ ഓമന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.