പരിയാരം ഗവ. ആയുർവേദ കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ഇന്ന്
1582968
Monday, August 11, 2025 1:47 AM IST
പരിയാരം: ഗവ. ആയുർവേദ കോളജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റേയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ എട്ടിന് നിർവഹിക്കും. ചടങ്ങിൽ എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. പുതിയ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും 19 മുറികൾ വീതവും. ഇരു നിലകളിലും സ്റ്റഡി ഹാളും ഇരുവശത്തായി ടോയിലറ്റ് ബ്ലോക്കുകളും ഉൾപ്പെടെ 771 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇരു നിലകളുടെയും പ്രവൃത്തി പൂർത്തീകരിച്ചത്.
ഇതിനായി നാലു കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഏറെക്കാലങ്ങളായി വിദ്യാർഥിനികൾ അനുഭവിച്ചിരുന്ന സ്ഥലപരിമിതിക്ക് ഇതോടെ പരിഹാരമാവും. കണ്ണൂരിന്റെ തനിമ എടുത്തു കാണിക്കുന്ന നിലയിലാണ് ഓപ്പൺ എയർ സ്റ്റേജിന്റെ പണി പൂർത്തിയായത്. ഇതിനായി പത്തുലക്ഷം രൂപയാണ് അനുവദിച്ചത്. സ്റ്റേജ് വൈവിധ്യമാർന്ന പരിപാടികൾക്ക് വേദിയാവും.