പയ്യാവൂരിന്റെ ജനകീയ ഡോക്ടർ സന്യസ്ത സുവർണ ജൂബിലി നിറവിൽ
1582856
Sunday, August 10, 2025 8:41 AM IST
പയ്യാവൂർ: നാടിന്റെ ജനകീയ ഡോക്ടറായി പയ്യാവൂർ മേഴ്സി ആശുപത്രിയിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം സേവനം ചെയ്ത ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ശാന്തി എസ്വിഎം സന്യസ്ത ജീവിതത്തിന്റെ സുവർണ ജൂബിലി നിറവിൽ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടക്കുന്ന ജൂബിലി ആഘോഷ തിരുക്കർമങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും.
ഏഴുവർഷം മുമ്പ് പയ്യാവൂരിൽ നിന്ന് കിടങ്ങൂർ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയിരുന്നെങ്കിലും പയ്യാവൂരിലെ ജനങ്ങൾക്ക് ഡോക്ടറെ ഒരിക്കലും മറക്കാനാകില്ലെന്നതാണ് യാഥാർഥ്യം.
കുടിയേറ്റ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറായ സിസ്റ്റർ ശാന്തി പയ്യാവൂരിനു സമീപം തിരൂരിൽ കുടിയേറിയ കർഷക കുടുംബാംഗം എളമ്പാശേരിൽ കുര്യൻ-അന്നമ്മ ദമ്പതികളുടെ മകളാണ്. പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.1974 ൽ പത്താം ക്ലാസിലെ ഉന്നതവിജയത്തിനു ശേഷം സന്യസ്ത ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു.
കോട്ടയം വിസിറ്റേഷൻ സന്യാസ സമൂഹത്തിൽ ചേർന്ന് 1976 ൽ പ്രഥമ വ്രതവാഗ്ദാനം നടത്തി ശാന്തി എന്ന പേര് സ്വീകരിച്ചു. തുടർന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിഎസ്സി സുവോളജിയിൽ മികച്ച വിജയം നേടി. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം.
1988 ൽ പഠനം പൂർത്തിയാക്കിയതോടെ പയ്യാവൂർ മേഴ്സി ആശുപത്രിയിൽ രണ്ടുവർഷത്തെ ഗ്രാമീണ സേവനം നിർവഹിച്ചു. തുടർന്ന് ഗൈനക്കോളജിയിൽ ഉപരിപഠത്തിനായി വീണ്ടും ബംഗളൂരു സെന്റ് ജോൺസിൽ ചേർന്നു. 1993 ൽ ഒന്നാം റാങ്കോടെയാണു വിജയിച്ചത്. പാറ്റ്നയിലെ കുർജി ആശുപത്രിയിൽ സർജിക്കൽ എക്സ്പീരിയൻസിനുശേഷം കുറച്ചുകാലം കിടങ്ങൂർ ലൂർദ് ആശുപത്രിയിലായിരുന്നു സേവനം. 1994 ൽ എംഡി ബിരുദം നേടാനായി മൂന്നാം തവണയും ബംഗളൂരു സെന്റ് ജോൺസിലേക്ക്.
1997 ൽ യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടെ എംഡിയിൽ ഉജ്വല വിജയം. ഇതേതുടർന്നാണ് ഡോ.സിസ്റ്റർ ശാന്തി പയ്യാവൂർ മേഴ്സി ആശുപത്രിയിൽ ഗൈനക്കോളജി ആൻഡ് ജനറൽ പ്രാക്ടീഷണറായി സേവനം തുടങ്ങിയത്.
ഗൈനക്കോളജിസ്റ്റായിരുന്നെങ്കിലും പ്രായഭേദമില്ലാതെ എല്ലാ വിഭാഗം രോഗികൾക്കും ചികിത്സ നൽകിയിരുന്നു. സ്വന്തം നാട്ടിൽ ബന്ധുജനങ്ങളുടേയും സഹപാഠികളുടേയും സർവോപരി നാട്ടുകാരുടേയും ഇടയിൽ ഒരു ഡോക്ടറായി പൊതുജന സേവനം ചെയ്യാൻ അവസരം ലഭിച്ചത് ദൈവഹിതമായി കരുതുന്നതായി സിസ്റ്റർ പറഞ്ഞു. 2025 മേയ് 13 ന് കിടങ്ങൂർ കോൺവെന്റ് ചാപ്പലിൽ തുടക്കം കുറിച്ച സുവർണ ജൂബിലി ആഘോഷങ്ങൾക്കാണ് ഇന്ന് തിരൂരിലെ സ്വന്തം ഇടവക പള്ളിയിലെ തിരുക്കർമങ്ങൾക്കുശേഷം പാരീഷ് ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനത്തോടെ സമാപനമാകുന്നത്.