ശ്രീകണ്ഠപുരത്ത് മൂന്നു പേർക്ക് കുറുക്കന്റെ കടിയേറ്റു
1582962
Monday, August 11, 2025 1:47 AM IST
ശ്രീകണ്ഠപുരം: കുറുക്കന്റെ വിളയാട്ടത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ മൂന്നു പേർക്ക് കടിയേറ്റു. കോട്ടൂർ വാസു പീടിക-മടത്തും മൂലഭാഗങ്ങളിലാണ് പേ ഇളകിയതായി സംശയിക്കുന്ന കുറുക്കൻ മൂന്ന് പേരെ കടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം കുടുംബശ്രീ യോഗത്തിന് പോയ ഷീജ ഗംഗാധരനെയും വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പ്രസന്ന വിനോദ്, ത്രേസ്യാമ്മ കളത്തിപ്പറമ്പിൽ തുടങ്ങിയവരെയുമാണ് കുറുക്കൻ കടിച്ചത്.
ത്രേസ്യാമ്മക്കാണ് സാരമായി കടിയേറ്റത്. കടിയേറ്റവർ കൂട്ടു മുഖത്തും ഇരിക്കൂറിലും പ്രാഥമികചികിത്സ തേടി. ഒരു വീട്ടിലെ താറാവിനും പൂച്ചക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. രണ്ടു പേരെ കടിച്ച് ഒരു മണിക്കൂർ കഴിഞ്ഞാണ് മറ്റൊരു ഭാഗത്തുള്ള സ്ത്രീക്കും കുറുക്കന്റെ കടിയേറ്റത്. വിവരമറിഞ്ഞ്കുറുക്കനെ പിടികൂടാൻ വനം വകുപ്പും, നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , കെ.കെ രത്നകുമാരിയും, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിനയും സ്ഥലത്ത് എത്തി വീടുകൾ സന്ദർശിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇരുവരും പറഞ്ഞു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കാനും നിർദേശമുണ്ട്. കുറുക്കനായി ഇന്നും തിരച്ചിൽ തുടരുമെന്ന് വനം വകുപ്പ് സെക്ഷൻ ഓഫീസർ ബാലൻ പറഞ്ഞു.