ക്വിറ്റ് ഇന്ത്യ, നാഗസാക്കി, ഹിരോഷിമ ദിനാചരണം നടത്തി
1582961
Monday, August 11, 2025 1:47 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ "പീസ് നോട്ട് വാർ' എന്ന സന്ദേശമുയർത്തി ക്വിറ്റ് ഇന്ത്യ, നാഗസാക്കി-ഹിരോഷിമ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
സ്കൂൾ അസംബ്ലിയിൽ അധ്യാപകൻ ടിജോ മാത്യു യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് സ്കൂൾ പാർലമെന്റ് യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ദിനാചരണ കവിതയും കഥകളും മറ്റു പരിപാടികളും വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു.
ലോകസമാധാനത്തിനായി വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലിക്കൊണ്ട് റാലിയായി നീങ്ങിയ വിദ്യാർഥികൾ സ്കൂൾ ഗ്രൗണ്ടിൽ സമാധാനത്തിന്റെ വൻമതിൽ തീർത്തു. ദിനാചരണ സമാപനത്തിൽ കുട്ടികൾ തങ്ങൾ നിർമിച്ച സഡാക്കോ കൊക്കുകളെ പറപ്പിച്ചു. അധ്യാപകരായ ജ്യോത്സ ജോസ്, സോഫിയ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.