മക്കളുമായി യുവതി കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലാരുന്ന മകൻ മരിച്ചു
1582914
Monday, August 11, 2025 12:03 AM IST
പഴയങ്ങാടി: രണ്ടു മക്കളുമായി കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആറുവയസുകാരൻ ധ്യാൻ കൃഷ്ണയാണ് ഇന്നലെ പുലർച്ചെ മരിച്ചത്. ജൂലൈ 30ന് ഉച്ചയോടെയാണ് കണ്ണപുരം കീഴറ സ്വദേശിനി ധനഞ്ജയ (30) മക്കളായ ധ്യാൻ കൃഷ്ണ (6), ദേവിക (നാല്) എന്നീ രണ്ടു കുട്ടികളുമായി കിണറ്റിൽ ചാടിയത്.
ശ്രീസ്ഥയിലെ ഭർത്താവിന്റെ വീടിന്റെ സമീപത്തെ തറവാട്ട് കിണറ്റിലാണു ചാടിയത്. കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണു യുവതിയും കുട്ടികളും കിണറ്റിൽ ചാടിയതായി മനസിലായത്. പരിയാരം പോലീസും പയ്യന്നൂർ അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടികളെയും യുവതിയേയും കിണറ്റിൽ നിന്നും പുറത്തെടുത്തത്. ധ്യാൻകൃഷ്ണ അത്യാസന്ന നിലയിലായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ധനഞ്ജയയും മകൾ നാലുവയസുകാരി ദേവികയും പരിയാരം മെഡിക്കൽ കോളജിൽ ഇപ്പോഴും ചികിത്സയിലാണ്.
അമ്മ ധനഞ്ജയയുടെ പേരിൽ പരിയാരം പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും പേരിൽ ഗാർഹിക പീഡനത്തിന് നേരത്തെ ധനഞ്ജയ പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിലും അന്വേഷണം നടക്കുന്നുണ്ട്. ചെറുതാഴം ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ധ്യാൻകൃഷ്ണ. അടുത്തിലക്കാരൻ ധനേഷിന്റെ മകനാണ്. ധ്യാൻ കൃഷ്ണയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീസ്ഥ ഗ്രാമീണ വായനശാലയിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് കണ്ണപുരം കീഴാറയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.