പുഴയിൽ ചാടിയ പ്രതിക്കായി തെരച്ചിൽ തുടരുന്നു
1582862
Sunday, August 10, 2025 8:41 AM IST
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ബാരാപോൾ പുഴയിൽ തുടരുന്നു. തലശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമാണ് (30) പുഴയിൽ ചാടിയത്. ഇയാൾ ഒഴുക്കിൽപ്പെട്ടെന്ന നിഗമനത്തിൽ പോലീസും അഗ്നിരക്ഷാ സേനയും ബാരാപോൾ പുഴയുടെ ഇരുകരകളിലും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് റഹീം പുഴയിൽ ചാടിയത്. രാത്രി എട്ടുവരെ തെരച്ചിൽ നടത്തിയിരുന്നു. മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം നിർത്തിയ തെരച്ചിൽ ഇന്നലെ രാവിലെ ഏഴിനാണ് വീണ്ടും തെരച്ചിൽ ആരംഭിച്ചത്. കൂട്ടുപുഴ മുതൽ ഇരിട്ടി പാലം വരെ പുഴയുടെ ഇരുകരകളിലുമായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇരിട്ടി അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് യൂണിറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങൾ രണ്ട് ഡിങ്കി ബോട്ടുകളിലായാണു തെരച്ചിൽ നടത്തിയത്. വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമംഗങ്ങളും ഇവർക്കൊപ്പം സഹായവുമായി എത്തിയിരുന്നു.
കുത്തൊഴുക്കും പാറക്കൂട്ടങ്ങളും കയങ്ങളും നിറഞ്ഞ പുഴയിൽ തെരച്ചിൽ നടത്തുക അതീവ ദുഷ്കരമാണ്. കുത്തൊഴുക്കുള്ള പുഴയിൽ ഒഴുകിപ്പോയ റഹീമിനെ 100 മീറ്റർ താഴെയുള്ള കച്ചേരിക്കടവ് പാലത്തിനു സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ ഏറെദൂരം ഒഴുകാനുളള സാധ്യതയും അധികൃതർ കാണുന്നുണ്ട്. ഇന്നലെ വൈകുന്നേരം നാലോടെ സംഘം തെരച്ചിൽ അവസാനിപ്പിച്ചു. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.ജെ. ബെന്നി, ജോഷി എന്നിവരുടെ നേതൃത്വത്തിൽ പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
റഹീമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി നിതിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമുള്ളപ്പോൾ വിളിച്ചാൽ ഹാജരാകണമെന്ന നിബന്ധനയോടെയാണു വിട്ടയച്ചത്. മൂന്നുപേരും ഗോണിക്കൊപ്പയിൽ നിന്ന് കൂട്ടുപുഴയിലേക്ക് എത്തിയ കാർ പോലീസ് കസ്റ്റിയിലെടുത്തു.
കാറിൽ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സംശയം നിലനില്ക്കുന്നതിനാലാണു കാർ പോലീസ് കസ്റ്റഡിയിൽ വച്ചത്. കോഴിക്കോട് സ്വദേശിയായ നിതിൻ ലോറിയിലാണു ഗോണിക്കൊപ്പയിലേക്കു പോയത്. തിരിച്ച് ഇന്നോവ കാറിലാണു മൂവരും കൂട്ടുപുഴ വരെ എത്തിയത്. ഇതിലെ ദുരൂഹത പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കാർ കർണാടകത്തിൽ നിന്ന് മോഷ്ടിച്ചതാണോയെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഇന്നു രാവിലെ വീണ്ടും തെരച്ചിൽ ആരംഭിക്കും. അതിനുശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുമെന്നു പോലീസ് പറഞ്ഞു.