മുഖ്യാധ്യാപികയുടെ പരാതിക്ക് പുല്ലുവില; കുട്ടികളുടെ ജീവന് വിലകല്പിക്കാതെ കെഎസ്ഇബി
1582966
Monday, August 11, 2025 1:47 AM IST
ഇരിട്ടി: പാലത്തുംകടവ് സെന്റ് ജോസഫ് എൽപി സ്കൂളിന് സമീപത്തെ അപകടാവസ്ഥയിലായ ട്രാൻസ്ഫോർമറിന്റെ കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യാധ്യാപിക നല്കിയ പാരാതി ഗൗനിക്കാതെ കെഎസ്ഇബി. കഴിഞ്ഞ ജൂലൈ18 നാണ് അധ്യാപിക വള്ളിത്തോട് സെക്ഷൻ അസി. എൻജിനിയർക്ക് പരാതി നല്കിയിരുന്നത്.
കുട്ടികൾ ട്രാസ്ഫോർമാറിന്റെ സമീപത്തേക്ക് പോകാതിരിക്കാൻ റിബൺ കെട്ടി സംരക്ഷിച്ചിരിക്കുന്ന വാർത്ത ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ട്രാൻസ്ഫോർമറിന് സമീപത്തേക്ക് വിദ്യാർഥികൾ എത്താതിരിക്കാൻ ഗ്രിൽ ഇട്ട് സംരക്ഷിക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇക്കാര്യത്തിൽ കെഎസ്ഇബി കാണിക്കുന്നത് വലിയ വീഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു.
അവഗണന തുടർന്നാൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വള്ളിത്തോട് ഓഫീസിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പഞ്ചായത്തംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു.