ക്വിറ്റ് ഡ്രഗ്സ് സന്ദേശമുണർത്തി റാലിയും പൊതുസമ്മേളനവും
1582956
Monday, August 11, 2025 1:47 AM IST
ശ്രീകണ്ഠപുരം: വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തലശേരി അതിരൂപത കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതിയും മുക്തിശ്രീയും ചേർന്ന് ശ്രീകണ്ഠപുരത്ത് ക്വിറ്റ് ഡ്രഗ്സ് സന്ദേശമുണർത്തി റാലിയും പൊതുസമ്മേളനവും നടത്തി.
ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളി അങ്കണത്തിൽ വികാരി ഫാ. ജോസ് മഞ്ചപ്പള്ളിലും ലഹരി വിരുദ്ധ സംഘടനകളുടെ ഫൊറോന ഡയറക്ടർ ഫാ. അനൂപ് സിഎസ്ടിയും ചേർന്ന് അതിരൂപത പ്രസിഡന്റുമാരായ ടോമി വെട്ടുക്കാട്ടിലിനും ഷിനോ പാറയ്ക്കലിനും പതാകകൾ കൈമാറി റാലി ഉദ്ഘാടനം ചെയ്തു. വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്ലേ കാർഡുകൾ കൈകളിലേന്തി മുദ്രാവാക്യങ്ങൾ വിളിച്ച് റാലിയിൽ അണിചേർന്നു. ടൗൺ സ്ക്വയറിൽ നടന്ന പൊതുസമ്മേളനം അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തു കുന്നേൽ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേയുള്ള പോരാട്ടം കാലം നമ്മിൽനിന്ന് ആവശ്യപ്പെ ടുന്ന ധർമസമരമാണെന്ന് അദ്ദേഹം പറഞ്ഞു.
ടോമി വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഷിനോ പാറയ്ക്കൽ, അതിരൂപത ഡയറക്ടർ ഫാ. ജയ്സൺ കോലക്കുന്നേൽ, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, ചെന്പേരി സെന്റ് മേരീസ് ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, റവ. ഡോ. ജോൺ കൊച്ചുപുരയ്ക്കൽ സിഎസ്ടി, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, ലിനറ്റ്, ടി.ഡി. ദേവസ്യ എന്നിവർ പ്രസംഗിച്ചു.
സോളി രാമച്ചനാട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സോയി പുറവക്കാട്ടിന്റെ നേതൃത്വത്തിൽ "പരേതന് പറയാനുള്ളത്' എന്ന ലഘു നാടകവും അരങ്ങേറി.