മാല മോഷണം: കാസർഗോഡ് സ്വദേശി അറസ്റ്റിൽ
1582861
Sunday, August 10, 2025 8:41 AM IST
ന്യൂമാഹി: തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ കഴിഞ്ഞദിവസം വ്യാപകമായി സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കാസർഗോഡ് മേൽപ്പറമ്പിലെ മുഹമ്മദ് ഷംനാസിനെയാണ് ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് മൂന്നുപേരുടെ മാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. കോടിയേരി, കതിരൂർ ഭാഗങ്ങളിൽ നിന്നാണ് മാല പിടിച്ചുപറിച്ചത്.
പ്രതിക്കെതിരേ 15 ഓളം കേസുകൾ കാസർഗോഡുണ്ട്. അതിൽ 12 എണ്ണവും പിടിച്ചുപറികേസുകളാണ്. ഭാര്യയുടെ പേരിലുള്ള യമഹ സ്കൂട്ടറിൽ നമ്പർ പ്ലേറ്റ് മാറ്റിയാണ് മോഷണം നടത്തിവന്നത്. രണ്ടു മാസം മുന്പേ നാദാപുരത്തും സമാനമായ മോഷണം നടത്തിയെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
150ലേറെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബേക്കൽ പോലീസിന്റെ സഹായത്തോടെയാണ് കാസർഗോഡ് വച്ചു പിടികൂടിയത്. ഇൻസ്പെക്ടർ ബിനു മോഹൻ, എസ്ഐ പ്രശോബ്, രവീന്ദ്രൻ, പ്രമോദ്, എഎസ്ഐ പ്രസാദ്, എസ് സിപിഒ ഷോജേഷ്, സിപിഒ ലിബിൻ, കലേഷ്, സായൂജ്, റിജിൽ നാഥ് എന്നിവരും ഉണ്ടായിരുന്നു.