മോദി സർക്കാരിനെതിരെ ക്വിറ്റ് ഇന്ത്യാ സമരത്തിന് സമയമായി: മന്ത്രി കടന്നപ്പള്ളി
1582852
Sunday, August 10, 2025 8:41 AM IST
പയ്യന്നൂര്‍: മോദി സര്‍ക്കാരിനെ താഴെയിറക്കാനായി രാജ്യത്ത് രണ്ടാം ക്വിറ്റ് ഇന്ത്യാ സമരത്തിന് സമയമായയെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ. ക്വിറ്റ് ഇന്ത്യാദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന കമ്മിറ്റി പയ്യന്നൂരില്‍ സംഘടിപ്പിച്ച യുവ മുന്നേറ്റ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയെ മത വര്‍ഗീയ രാഷ്ട്രമാക്കി മാറ്റാനുളള ശ്രമങ്ങളാണ് കേന്ദ്ര ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുന്നത്. സമീപകാലത്ത് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ഇനി വോട്ടര്‍പ്പട്ടിക തന്നെ ഉണ്ടാകില്ലെന്ന സാഹചര്യമാണ് വരുന്നത്. തങ്ങൾക്ക് എത്രവോട്ടുകൾ വേണമെന്ന് സംഘപരിവാർ തന്നെ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും കടന്നപ്പള്ളി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. വിജിന് എംഎല്‍എ, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷാജഹാന്, ഇപിആര്‍ വേശാല, യു. ബാബു ഗോപിനാഥ്, സി.ആര്. വത്സന്, കെ.കെ. ജയപ്രകാശ്, കെ.വി. മനോജ്കുമാര്‍, എം. ഉണ്ണികൃഷ്ണന്, റനീഷ് മാത്യൂ, രാജേഷ് മാത്യു പുതുപ്പറമ്പില്‍ എന്നിവർ പ്രസംഗിച്ചു.