പന്നിപ്പനിയോ ? കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
1582972
Monday, August 11, 2025 1:47 AM IST
കേളകം: കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പന്നിപ്പനിയെന്ന് സംശയം. ഒരാഴ്ചയായി ഇരുപതോളം പന്നികളാണ് പ്രദേശത്ത് ചത്തത്.
കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ -മൂന്ന് എന്നിങ്ങിനെയാണ് ചത്ത പന്നികളുടെ ഔദ്യോഗിക കണക്ക്. എന്നാൽ ഇതിന്റെ മൂന്നിരട്ടി പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയുന്നു. പ്രദേശത്തുനിന്ന് വനംവകുപ്പ് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ ശേഖരിച്ചെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തുവിട്ടിട്ടില്ല. ചത്ത കാട്ടുപന്നികളെ സംസ്കരിക്കുന്നതിലും വനം വകുപ്പ് കടുത്ത അലംഭാവമാണ് കാണിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണ് കാട്ടുപന്നികളെ മറവ് ചെയ്യുന്നത്. രോഗം വളർത്തു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. മുന്പ് സമാനമായ രീതിയിൽ തൃശൂർ ആതിരപ്പള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ധ്രാക്സ് മൂലം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മറവ് ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. വളർത്തു മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു.
നാട്ടുപന്നികൾക്ക് ഇത്തരത്തിൽ പന്നിപ്പനി ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി വളർത്തൽ നിരോധിക്കുകയും വളർത്തുപന്നികളെ ഡബ്ലിയു എച്ച് ഓയുടെ മാനദണ്ഡപ്രകാരം കൊന്നൊടുക്കുകയും മറവു ചെയ്യുകയും ചെയ്തു. എന്നാൽ ഒരു നടപടിയും കാട്ടുപന്നികളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പകർച്ചവ്യാധിയെന്ന് കിഫ
കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് പകർച്ചവ്യാധി മൂലമാണെന്ന് സംശയിക്കുന്നതായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ പറഞ്ഞു. കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് ആന്ത്രാക്സ് മൂലമോ പന്നിപ്പനി മൂലമോ ആകാം. ആദ്യ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടുപിടിക്കാത്തതും പ്രതിവിധി നടപ്പാക്കാത്തതും തികഞ്ഞ അനാസ്ഥയാണ്. ചത്ത കാട്ടുപന്നികളെ പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് കുഴിച്ചിടുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.