ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അങ്കണവാടി കെട്ടിടം കാടുമൂടി മാലിന്യ സംഭരണ കേന്ദ്രമായി
1582957
Monday, August 11, 2025 1:47 AM IST
ആലക്കോട്: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അങ്കണവാടി കെട്ടിടം രണ്ടു വർഷമായി അടഞ്ഞുകിടക്കുന്നു. നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ നരയൻകല്ല് അങ്കണവാടിക്കാണ് ഈ ഗതി. 2012 ൽ മന്ത്രി കെ.സി ജോസഫാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏതാനും വർഷങ്ങൾ മാത്രമാണ് അങ്കണവാടി ഇവിടെ പ്രവർത്തിച്ചത്. സമീപത്തെ കരിങ്കൽ ക്വാറിയിലെ സ്ഫോടനങ്ങൾ മൂലം കെട്ടിടം അപകടാവസ്ഥയിലായപ്പോൾ രക്ഷിതാക്കൾ കുട്ടികളെ അയക്കാതായി. ഇതോടെ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറേണ്ടി വന്നു. തുടർന്ന് കെട്ടിടം അടഞ്ഞു കിടക്കുകയും പ്രദേശം കാടുമൂടുകയും ചെയ്തു.
ഇപ്പോൾ അങ്കണവാടി കെട്ടിടത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു വച്ചിരിക്കുകയാണ്. മാറ്റി സ്ഥാപിച്ച അങ്കണ വാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കർഷക തൊഴിലാളി കുടുംബങ്ങളും, ആദിവാസി ജനവിഭാഗങ്ങളും താമസിക്കുന്ന പ്രദേശമായ നരയൻകല്ല് തട്ടിൽ പുതിയതായി കെട്ടിടം പണിത് അങ്ങോട്ട് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.