കൂൺ താരം രാഹുൽ തന്നെ
1583724
Thursday, August 14, 2025 12:59 AM IST
ഇരിട്ടി: കൂൺ കൃഷിയിൽ പെല്ലറ്റ് കൃഷിരീതി വിജയകരമായി നടപ്പാക്കി വരുന്ന പുന്നാട് സ്വദേശി രാഹുൽ ഗോവിന്ദിന് മികച്ച കൂൺ കർഷകനുള്ള സംസ്ഥാനപുരസ്കാരം. മികച്ച കർഷകനുള്ള ദീപിക അഗ്രി എന്റർപ്രണർ പുരസ്കാര ജേതാവ് കൂടിയാണ് രാഹുൽ ഗോവിന്ദ്.
മറൈൻ എൻജിനിയറായിരുന്ന രാഹുൽ ഗോവിന്ദ് ഒരു അവധിക്ക് നാട്ടിലെത്തിയപ്പോൾ അമ്മയ്ക്കു വേണ്ടി വീടിനോട് ചേർന്നു നിർമിച്ച ചെറിയ ഫാമിൽനിന്നാണ് കൂൺ കൃഷി ആരംഭിച്ചത്. പിന്നീട് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ കർഷകനായി മാറുകയായിരുന്നു. "മൺസൂൺ മഷ്റും' എന്ന രാഹുൽ ഗോവിന്ദിന്റെ ബ്രാൻഡ് ഇന്ന് കേരളത്തിലെങ്ങും അറിയപ്പെടുന്ന ഉത്പന്നമാണ്. അറിയപ്പെടുന്ന കൂൺ കർഷകനായി വളരുകയെന്ന സ്വപ്നവുമായി സഞ്ചരിച്ച രാഹുലിനെ ആദ്യം കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചത് ദീപികയും കർഷകൻ മാസികയും ആയിരുന്നു.
ഹൈടെക്ക് ഫാം കൃഷി രീതികൾ, വിത്ത് തുടങ്ങി കേരളത്തിന് അകത്തും പുറത്തും രാഹുൽ വിപണനവും നടത്തുന്നുണ്ട്. കൃഷിയെ അഗ്രി ബിസനസ് ആയി കാണുന്ന രാഹുൽ കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ വിജയിച്ച സംരംഭകൻ കൂടിയാണ്. പുതുതായി ആരംഭിച്ച മഷ്റൂം എക്സ്പ്ലൊറേഷൻ ആൻഡ് റിസർച് സെന്റർ (കൂൺകൃഷി ഗവേഷണ- വിത്തുത്പാദന-പഠനകേന്ദ്രം) ഏപ്രിലിൽ മന്ത്രി പി. പ്രസാദായിരുന്നു ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ ആദ്യ "കൂൺ ബിരിയാണി'യുടെ ലോഞ്ചിംഗും അന്നു മന്ത്രി നടത്തി. പുതിയ കൂൺ ഇനങ്ങളുടെ ഗവേഷണം, പഠനം, കൃഷി രംഗത്തു താത്പര്യമുള്ളവർക്കുള്ള പരിശീലനം എന്നിവയാണ് ഗവേഷണ കേന്ദ്രത്തിൽ ക്രമീകരിക്കുന്നത്. വിത്തിട്ടു വിളവ് ശേഖരിക്കുന്നതു വരെ താമസിച്ചു പഠനം നടത്തി പോകാനുള്ള സൗകര്യം കൂടി കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഈ യുവ കർഷകൻ. ആറളം ഫാമിൽ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹൈടെക് ഫാമിൽനിന്നു കൂൺ അച്ചാറും നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. മഷ്റൂം മസാലയും ഉടൻ പുറത്തിറക്കും.
കൃഷി ജാഗരൺ കൃഷിക്കൊപ്പം ആവശ്യമുള്ളവർക്ക് പരിശീലനവും ഫാം നിർമാണവും ഏറ്റെടുത്തു നടത്തുന്നുണ്ട്. മീത്തലെ പുന്നാട് രമ്യാ നിവാസിൽ പി.എം. ഗോവിന്ദൻ നമ്പ്യാരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ: അനുശ്രീ. മകൻ: റയാൻ.