ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലേറെ വീടുകള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രി
1583185
Tuesday, August 12, 2025 1:16 AM IST
കണ്ണൂർ: സ്വന്തം വീട് സ്വപ്നം മാത്രമായി കൊണ്ടുനടന്ന സംസ്ഥാനത്തെ 4,57,055 കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു വീട് നല്‍കുന്നതിന് ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വേങ്ങാട് പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 50 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ് പദ്ധതിയുടെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടത്തുന്നത് അറിയിച്ചിരുന്നു. തുടക്കത്തില്‍ ഇത് അംഗീകരിക്കുകയും പിന്നീട് വീടുകള്‍ക്ക് മുന്നില്‍ ലോഗോ വയ്ക്കണമെന്നുള്പ്പെടെ നിബന്ധനകള്‍ വയ്ക്കുകയും ചെയ്തു.
കേരളത്തില്‍ പൂര്‍ത്തിയായ 4.5 ലക്ഷം വീടുകളുടെ മുന്നില്‍ ലോഗോ വച്ച് കുടുംബങ്ങളുടെ അഭിമാന ബോധത്തെ വ്രണപ്പെടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോഗോ അംഗീകരിക്കാതെ പണം തരില്ലെന്ന നിര്‍ബന്ധത്തിന് വഴങ്ങാനോ പദ്ധതി മുടക്കുന്നതിനോ സര്‍ക്കാര്‍ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് ലൈഫ് പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ വഹിക്കുന്നത്. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം നവംബര്‍ ഒന്നിന് നടക്കാനിരിക്കെ ഈ നേട്ടം കൈവരിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചു.
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാന മായി കേരളം മാറും. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഹരിത കര്‍മസേന വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ജനങ്ങളും നല്ല രീതിയിലാണ് പ്രതികരി ക്കുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യവും നാം ഒന്നാകെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കേണ്ട ദൗത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ മുഖ്യമന്ത്രി വേദിയില്‍ കൈമാറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.