അഞ്ച് വർഷംകൊണ്ട് അരലക്ഷത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു: മന്ത്രി എം.ബി.രാജേഷ്
1584008
Friday, August 15, 2025 2:02 AM IST
കണ്ണൂർ: അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തെ 52,635 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച്
പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2021ൽ ചുമതലയേറ്റ സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കുക എന്നതായിരുന്നു.
ഇതിനായി സർവേ നടത്തി 64,006 കുടുംബങ്ങളെ കണ്ടെത്തി. ഓരോ കുടുംബങ്ങൾക്കും ദാരിദ്ര്യമുക്തിക്കായി പ്രത്യേക മൈക്രോപ്ലാനുകൾ തയാറാക്കി. അഞ്ച് വർഷം കൊണ്ട് 94.47 ശതമാനം പേരെയും അതിദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനായെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മുൻഗണന ജനങ്ങളുടെ പ്രശ്നങ്ങൾക്കും മനുഷ്യരുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനുമാണ്.
ഇത്തരത്തിൽ കേരളം ഇന്ത്യയ്ക്ക് ഒരു മാതൃകയാണ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. സർക്കാരും സംവിധാനങ്ങളും ഏകോപിതമായി പ്രയത്നിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യപ്രദേശമാണ് കേരളം എന്നത് ലോകത്തിന് കൂടി മാതൃകയാകുന്നുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എംഎൽഎമാരായ കെ.കെ. ശൈലജ, കെ. വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. സുരേഷ് ബാബു, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ടി. സരള, എൽഎസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി. ഷാജിർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു തുടങ്ങിയവർ പങ്കെടുത്തു.