60 റെയിൽവേ മേൽപ്പാലങ്ങൾക്കായി 2028 കോടി രൂപ വകയിരുത്തി: മുഖ്യമന്ത്രി
1583469
Wednesday, August 13, 2025 2:08 AM IST
തലശേരി: തടസമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരി കൊടുവള്ളി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ റോഡ് ഗതാഗതത്തിന്റെ വേഗത വർധിപ്പിക്കാൻ റെയിൽവേ മേൽപ്പാലങ്ങൾ ഒഴിച്ചുകൂടാത്തതാണ്. ആ കാഴ്ചപ്പാടോടെയാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചത്. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്ന ഒരു ഭരണ സംവിധാനമാണ് കേരളത്തിലുള്ളത്. അതിൽ ജനങ്ങളുടെ വിശ്വാസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല അവ കാലതാമസം കൂടാതെ പൂർത്തീകരിക്കുകയാണ് സർക്കാർ. ജനവിശ്വാസം അല്പം പോലും മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ആവശ്യമുള്ളത്ര പണം നമ്മുടെ കൈയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന ഖജനാവ് അത്തരത്തിൽ ശേഷിയുള്ള ഒന്നായിരുന്നില്ല. എന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്ന വിധം വികസനത്തിന്റെ പുതിയ മാറ്റങ്ങൾ കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയുടേയും കിഫ്ബിയുടെയും സഹായത്തോടെ 36 കോടി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊടുവള്ളി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കിയത്.
26.31 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ റെയിൽവേ വിഹിതവുമാണ്. 16.25 ലക്ഷം രൂപ സ്ഥലമെടുപ്പിന് മാത്രം ചെലവിട്ടു. 123.6 സെന്റ് സ്ഥലം 27 പേരിൽനിന്നും ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലതരത്തിലും പ്രയാസമുണ്ടായിരുന്നു. പദ്ധതി നാടിന് ഉപകാരപ്രദമാണെങ്കിലും ചിലർ തടസപ്പെടുത്താൻ ശ്രമിച്ചു.
എന്നാൽ പ്രതിസന്ധികളെ മറികടന്ന് സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സ്പീക്കർ എ. എൻ ഷംസീർ വിശിഷ്ടാതിഥിയായിരുന്നു.തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം. ജമുനാറാണി, കൗൺസിലർ ടി. കെ. സാഹിറ, ആർബിഡിസികെ. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ആർബിഡിസികെ ഡെപ്യൂട്ടി ജനറൽ മാനേജർ സി.ദേവേശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.