അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി
1583188
Tuesday, August 12, 2025 1:16 AM IST
ചാണപ്പാറ: ജപ്പാൻ കുടിവെള്ളത്തിനായി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ചാടി ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് കണിച്ചാർ ചാണപ്പാറയിലെ അജേഷ് (39) മരണപ്പെടാൻ ഇടയായത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് ആരോപണം.
പൈപ്പിടാനായി എടുത്ത കുഴി കൃത്യമായി മൂടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാത്തതിനാൽ ഇതിലൂടെ മഴവെള്ളം കുത്തിയൊഴുകി വലിയ കുഴികൾ റോഡിന്റെ ഇരുവശത്തും രൂപപ്പെട്ടിട്ടുണ്ട്.ഇത്തരം കുഴികളാണ് അപകടത്തിന് വഴിവയ്ക്കുന്നതെന്നാണ് തദ്ദേശവാസികൾ പറയുന്നത്.
നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വീതി കുറവുള്ള അമ്പായത്തോട് മണത്തണ മലയോര ഹൈവേയിൽ വാഹനങ്ങൾക്ക് സൈഡ് നല്കാൻ പലപ്പോഴും റോഡിൽനിന്ന് ഇറക്കേണ്ട അവസ്ഥ ഇരുചക്ര വാഹനങ്ങൾക്കും മറ്റു ചെറിയ വാഹനങ്ങൾക്കും ഉണ്ടാവാറുണ്ട്. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.