"അമ്മയുടെ ഫോൺ എന്റേതും' പദ്ധതിക്ക് തുടക്കമായി
1583993
Friday, August 15, 2025 2:02 AM IST
പയ്യാവൂർ: മൊബൈൽ ഫോൺ ഉപയോഗവും അതിലേറെ ദുരുപയോഗവും കുട്ടികളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതു നിയന്ത്രിക്കുന്നതിനുവേണ്ടി പുതിയ പദ്ധതിയുമായി പയ്യാവൂർ പഞ്ചായത്ത്. "അമ്മയുടെ ഫോൺ എന്റേതും' പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ തുടക്കം കുറിച്ചു. മേയ് 30ന് സമാപിക്കുന്ന രീതിയിൽ പത്ത് മാസത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മുഴുവൻ കുട്ടികളേയും അമ്മമാരേയും ഉൾപ്പെടുത്തി പ്രത്യേക ബോധവത്കരണ ക്ലാസും ഫോൺ ഉപയോഗം രേഖപ്പെടുത്താൻ പ്രത്യേക വ്യക്തിഗത രജിസ്റ്ററും നൽകും. ഫോൺ ഉപയോഗിക്കാനുള്ള നിശ്ചിത സമയം തീരുമാനിച്ച് അമ്മയും കുട്ടിയും ക്ലാസ് അധ്യാപകന്റെ സാന്നിധ്യത്തിൽ ഉടമ്പടിയിൽ ഒപ്പുവയ്ക്കും. ദിവസേനയുള്ള ഉപയോഗം രേഖപ്പെടുത്തുകയും നിശ്ചിത ഇടവേളകളിൽ പദ്ധതി സ്കൂൾ അധികൃതർ അവലോകനം നടത്തുകയും ചെയ്യും. ഉടമ്പടിപ്രകാരം ഫോൺ ഉപയോഗം നിയന്ത്രിക്കുന്ന കുട്ടികൾക്കും അമ്മമാർക്കും സമ്മാനങ്ങളും നൽകും.
കോവിഡാനന്തരം കുട്ടികളിൽ ഫോൺ ഉപയോഗം അനിയന്ത്രിതമായത് വീടുകളിൽ നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത പദ്ധതിയിലൂടെ അമ്മമാരുടെ മേൽനോട്ടത്തിൽ ഫോൺ ഉപയോഗം കുട്ടികൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയന്ത്രണ വിധേയമാക്കും.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർ പ്രഭാവതി മോഹൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ മുഖ്യാധ്യാപകനും വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥനുമായ ഇ.പി. ജയപ്രകാശ്, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ജി. ഷിബു, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും. പൈലറ്റ് പദ്ധതി പ്രാവർത്തികമായ ശേഷം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കാനാണ് ഉദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.