വീണ്ടും അംഗീകാര നിറവിൽ മാങ്ങാട്ടിടം കൃഷിഭവൻ
1583720
Thursday, August 14, 2025 12:59 AM IST
കൂത്തുപറമ്പ്: വീണ്ടും അംഗീകാരത്തിന്റെ നിറവിൽ മാങ്ങാട്ടിടം കൃഷിഭവൻ. കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷിഭവനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മാങ്ങാട്ടിടം കൃഷിഭവന് ലഭിച്ചു.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കർഷകരുടെ ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുകയും ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകൾക്കനുസരിച്ച് കാർഷിക പദ്ധതികൾ ആവിഷ്കരിക്കുകയും അത് നടപ്പാക്കാൻ കർഷകർക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്കി വരുന്ന കൃഷി ഭവനാണ് മാങ്ങാട്ടിടം. മാതൃകാപരമായ വേറിട്ട പ്രവർത്തനങ്ങളാണ് തുടർച്ചയായ അംഗീകാരം മാങ്ങാട്ടിടം കൃഷിഭവനെ തേടിയെത്തുന്നത്.
കൃഷിവകുപ്പിന്റെ കൃഷി സമൃദ്ധി പഞ്ചായത്താണ് മാങ്ങാട്ടിടം. റെഡ് ചില്ലിസ്, മാങ്ങാട്ടിടം ഹണി, മാങ്ങാട്ടിടം ഗോൾഡ് മഞ്ഞൾ, മാങ്ങാട്ടിടം റൈസ്, എന്നീ ഉത്പന്നങ്ങൾ കേരള അഗ്രോ ബ്രാൻഡിൽ ഇറക്കാൻ സാധിച്ചതും കൂടാതെ ഫ്രൂട്ട് ഗ്രാമം പദ്ധതി നടപ്പിലാക്കിയതും മാങ്ങാട്ടിടം കൃഷി ഭവനെ ഈ അവാർഡിലേക്ക് നയിച്ചു. ഇതിന് മുന്പ് മികച്ച കൃഷിഭവനുള്ള അവാർഡും കൃഷി വകുപ്പിന്റെ ജൈവ പഞ്ചായത്ത് അവാർഡും മാങ്ങാട്ടിടത്തിന് ലഭിച്ചിട്ടുണ്ട്.
കൂടാതെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള കൃഷി വകുപ്പിന്റെ അവാർഡും മാങ്ങാട്ടിടം കൃഷിഭവനിലെ ആർ. സന്തോഷ്കുമാർ നേടിയിട്ടുണ്ട്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും കർഷകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയുടെ വിജയമാണ് ഈ അംഗീകാരം.