സ്വാതന്ത്ര്യ ദിനം: ക്വിസ് മത്സരം സംഘടിപ്പിച്ചു
1583996
Friday, August 15, 2025 2:02 AM IST
നെല്ലിക്കുറ്റി: കേരളോദയ വായനശാലയും നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് മത്സരം ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം പി. ജനാർദനൻ അധ്യക്ഷത വഹിച്ചു.
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ അധ്യാപകൻ ജോയ്സ് സഖറിയാസാണ് മത്സരം നയിച്ചത്. മത്സരത്തിൽ വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ സമ്മാനദാനം നിർവഹിച്ചു. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു, സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.
നെടുങ്ങോം: സ്വതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രവേദി ഇരിക്കൂർ മേഖലയുടെ ആഭിമുഖ്യത്തിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി, പഴയങ്ങാടി ഗവ. യുപി, ചെങ്ങളായി എയുപി എന്നീ സ്കൂളുകളിൽ സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്ര പുരോഗതി എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.
നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപിക പി.എൻ. ഗീത ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു.