വിസിക്കെതിരേ ചെമ്പേരിയിൽ എസ്എഫ്ഐ പ്രതിഷേധം
1583713
Thursday, August 14, 2025 12:59 AM IST
ചെമ്പേരി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരേ ചെമ്പേരിയിൽ എസ്എഫ്ഐ പ്രതിഷേധം. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കോളജ് ഗേറ്റിനു പുറത്ത് വിസിയുടെ വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗച്ച് നീക്കുകയാണുണ്ടായത്.
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പാലയാട് കാമ്പസിൽ 'ആർട്ടിക്കിൾ 158' എന്ന പരിപാടി നടത്തിയതിന് വൈസ് ചാൻസലർ വിശദീകരണം ചോദിച്ചതിനും 14 ന് മുഴുവൻ കോളജുകളിലും വിഭജനഭീതി ദിനമാചരിക്കണമെന്ന നിർദേശത്തിനുമെതിരെയാണ് പ്രതിഷേധിച്ചത്.
എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് നടത്തിയ പ്രതിഷേധത്തിന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജോയൽ തോമസ്, ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി അശ്വന്ത് കൃഷ്ണൻ, ഏരിയ പ്രസിഡന്റ് ടി.വി. സ്വാതി എന്നിവർ നേതൃത്വം നൽകി. വൈസ് ചാൻസലറുടെ വാഹനത്തിന് മാർഗതടസമുണ്ടാക്കിയതിന് കേസെടുത്ത കുടിയാന്മല പോലീസ് ജോയൽ തോമസ്, അശ്വന്ത് കൃഷ്ണൻ, ആദിഷ് സജീവ്, ജോയൽ ഡൊമിനിക്ക് എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.