ജില്ലയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
1583455
Wednesday, August 13, 2025 2:08 AM IST
കണ്ണൂർ: കണ്ണൂരിന്റെ പരമ്പരാഗത കലകള്‍ക്ക് മുന്‍തൂക്കം നല്കി വൈവിധ്യങ്ങള്‍ കൊണ്ടും വര്‍ണപ്പൊലിമ കൊണ്ടും ജില്ലാതല ഓണാഘോഷം വ്യത്യസ്തമാക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഓണാഘോഷ വാരത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയര്‍ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ഇതിനായി അപേക്ഷ ക്ഷണിക്കും. സൗജന്യമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രധാന പരിപാടിക്ക് മുമ്പ് അവതരണം നടത്താനുള്ള സൗകര്യവും ലഭിക്കും. ജില്ലയിലെ കലാസംഘങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നൽകും. ഇതോടൊപ്പം സിനിമ, സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തി നൃത്തം, കോമഡി ഷോ എന്നിവയും പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി സംഗീത പരിപാടികളും സംഘടിപ്പിക്കും.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം, മെഹന്ദി ഇടല് മത്സരം എന്നിവയും നടത്തും. ടൗണ്‍ സ്ക്വയറില്‍ പുല്‍ത്തകിടിക്ക് പുറകിലുള്ള മൈതാനം ഭാഗത്ത് പ്രത്യേക സ്റ്റേജ്, പന്തല്‍, ഗ്രീന്‍ റൂം എന്നിവ നിര്‍മിച്ചാണ് പരിപാടി.
കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎല്‍എ, എഡിഎം കലാഭാസ്കര്‍, ഡിടിപിസി സെക്രട്ടറി പി.കെ. സൂരജ്, അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി ശ്രീനിവാസന് എന്നിവര്‍ പങ്കെടുത്തു.