പാലത്തുംകടവിൽ 10 കുടുംബങ്ങൾ യാത്രാദുരിതത്തിൽ
1584748
Tuesday, August 19, 2025 1:59 AM IST
ഇരിട്ടി: റീബിൾഡ് കേരള പദ്ധതിയിൽ നിർമിച്ച എടൂർ-പാലത്തുംകടവ് റോഡിലെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ 500 മീറ്റർ ദൂരത്തിലെ 10 ഓളം കുടുംബങ്ങൾ യാത്രാ ദുരിതത്തിൽ. ഒഴിവാക്കിയ 500 മീറ്റർ ഭാഗം റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധത്തിയായി. റോഡ് തകർന്നതോടെ സ്കൂൾ വാഹനം ഉൾപ്പെടെ റോഡ് തകർന്ന ഭാഗത്തേക്ക് സർവീസ് നടത്താൻ തയാറാകാതെ വരുന്നത് മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നു.
മുന്പ് സർവീസ് നടത്തിയിരുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പോലും തുക തികയാതെ വരുന്നതോടെയാണ് 500 മീറ്ററിലൂടെയുള്ള സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നത്. എട്ട് വിദ്യാർഥികളാണ് ഇവിടെ നിന്ന് വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. വന്യമൃഗ ഭീതി നിലനിൽക്കുന്ന പ്രദേശം ആയതുകൊണ്ട് രാവിലെയും വൈകുന്നേരവും വിദ്യാർഥികൾക്ക് ഒപ്പം മുതിർന്നവരും നടന്ന് എത്തിയാണ് സ്കൂളിൽ പോകുന്നത്.
കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്ന ഭാഗം റീ ടാറിംഗ് നടത്തി നൽകുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കുന്നില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.
വഴിയുണ്ട് പൊതുഗതാഗത സംവിധാനം ഒന്നുമില്ല
റീബിൽഡ് കേരള പദ്ധതിയിൽ റോഡിന്റേയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റേയും നിർമാണം പൂർത്തിയാക്കിയെങ്കിലും ചരൾ മുതൽ പാലത്തുംകടവ് റീച്ചിൽ ഒരു ബസുപോലും സർവീസ് നടത്തുന്നില്ല. ഇത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളെ യാത്രാ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.
സ്കൂളിൽ എത്താൻ ടാക്സി സർവീസുകളെയാണ് വിദ്യാർഥികൾ ആശ്രയിക്കുന്നത്. മാസം വലിയ തുക നൽകിയാണ് മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. വിദ്യാർഥികൾ മാത്രമല്ല പ്രദേശത്തെ ജനങ്ങളും കൂട്ടുപുഴയിൽ നിന്ന് ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പോലും വലിയ തുക നൽകി ടാക്സി വാഹനത്തെ ആശ്രയിച്ചാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്.