വന്യമൃഗ ശല്യത്തിന് ശാസ്ത്രീയ പരിഹാരം വേണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
1584480
Monday, August 18, 2025 12:22 AM IST
ഇരിട്ടി: കേരളത്തിന്റെ വനവവിസ്തൃതിയുടെ വാഹക ശേഷിയേക്കാൾ പതിന്മടങ്ങധികമാണ് കേരളത്തിലെ വന്യമൃഗങ്ങളുടെ എണ്ണം എന്നതിനാൽ വന്യമൃഗശല്യത്തിന് ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യമെന്നും ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ്.
വന്യജീവി ആക്രമണങ്ങൾക്കെതിരെ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച അനിശ്ചിതകാല കർഷക സ്വരാജ് സത്യഗ്രഹത്തിനോടനുബന്ധിച്ച് കേരളത്തിന്റെ 14 ജില്ലകളിൽ നടന്ന അനുഭാവ സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ ഇരട്ടിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1972ലെ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11 പ്രകാരം ഏതെങ്കിലും ഒരു സംസ്ഥാനത്ത് അല്ലെങ്കിൽ ഒരു പ്രദേശത്ത് വിസ്തൃതിയുടെ വാഹകശേഷിയെക്കാൾ അധികം വന്യമൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ മറ്റു പ്രദേശങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ ട്രാൻസ് ലൊക്കേറ്റ് ചെയ്യാൻ നിയമവ്യവസ്ഥയുണ്ട്. അടിയന്തരമായി സംസ്ഥാന സർക്കാർ വന്യജീവി സംരക്ഷണനിയമത്തിലെ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചു കൊണ്ട് കേന്ദ്ര സർക്കാരിന്റെയും വനവിസ്തൃതി കൂടിയ മറ്റ് സംസ്ഥാനങ്ങളുടെ ഭരണാധികാരികളുമായും സംസാരിച്ചു കേരളത്തിലെ വന്യമൃഗശല്യത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് ചെയർമാൻ സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു ഏകതാ പരീക്ഷത്ത് പവിത്രൻ തില്ലങ്കേരി, എൻ എഫ്ആർപിഎസ് സ്ഥാന വൈസ് ചെയർമാൻ കുര്യാക്കോസ് പുതിയടത്ത്പറമ്പിൽ, കർഷക ഐക്യ സമിതി സംസ്ഥാന ചെയർമാൻ ജെയിംസ് പന്നിയമ്മാക്കൽ, ഫെയർ ട്രേഡ് അലയൻസ് കേരള ചെയർമാൻ ജോസ് പൂവത്തിങ്കൽ, സർവോദയ മണ്ഡലം വൈസ് ചെയർമാൻ പവിത്രൻ കൊതേരി, ഇൻഫാം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.എൻ.ഷാജി, ആർകെഎംഎസ് കണ്ണൂർ ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ, സംസ്ഥാന ഭാരവാഹികളായ ജോസഫ് വടക്കേക്കര, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ഗർവ്വാസിസ് കല്ലുവയൽ എന്നിവർ പ്രസംഗിച്ചു.
കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിലും അനുഭാവ സത്യഗ്രഹം നടത്തി.