സ്വകാര്യ ബസിനു പിന്നിൽ സ്കൂൾ വാനിടിച്ച് അപകടം
1584750
Tuesday, August 19, 2025 1:59 AM IST
മട്ടന്നൂർ: ചാവശേരി കാശിമുക്കിൽ സ്വകാര്യ ബസിനു പിന്നിൽ സ്കൂൾ വാനിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ സ്കൂളിൽ നിന്ന് വിദ്യാർഥികളെ കയറ്റി ഇരിട്ടി ഭാഗത്തേക്കു പോകുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു.
ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. കാശിമുക്ക് സ്റ്റോപ്പിൽ നിർത്താതെ ബസ് പെട്രോൾ പമ്പിനു മുന്നിൽ പെട്ടെന്ന് നിർത്തിയതിനാൽ പിന്നാലെയെത്തിയ സ്കൂൾ വാൻ ഇടിക്കുകയായിരുന്നു. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി.