വനിതാ കമ്മീഷൻ അദാലത്ത്: 19 കേസുകൾ തീർപ്പാക്കി
1585039
Wednesday, August 20, 2025 1:52 AM IST
കണ്ണൂർ: വനിതാകമ്മീഷൻ അംഗം പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ 68 കേസുകൾ പരിഗണിച്ചതിൽ 19 എണ്ണം തീർപ്പാക്കി. ഏഴെണ്ണം പോലീസ് റിപ്പോർട്ടിനായും മൂന്നെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. ഒരു പരാതി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കൈമാറി. 38 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതുതായി ഒരു പരാതി ലഭിച്ചു.
വനിതാ കമ്മീഷൻ കലാലയങ്ങളിലും സ്കൂളുകളിലും നടത്തിവരുന്ന പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസലിംഗ്, കലാലയ ജ്യോതി ഉണർവ് എന്നീ പരിപാടികൾ സെപ്റ്റംബറിൽ കണ്ണൂർ ജില്ലയിൽ ആരംഭിക്കുമെന്ന് പി. കുഞ്ഞായിഷ പറഞ്ഞു. കലാലയ ജ്യോതി ഉണർവ് പരിപാടിയിൽ സ്കൂൾ വിദ്യാർഥികൾക്കായി സൈബർ, ലഹരി, പോക്സോ, ലിംഗനീതി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.
കലാലയങ്ങളിൽ വിദ്യാർഥികൾക്ക് പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസലിംഗും നടത്തും. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലും കോളജുകളിലുമാണ് പരിപാടി സംഘടിപ്പിക്കുക. വിദ്യാർഥികളുമായി മുഖാമുഖം പരിപാടിയും നടത്തുമെന്നും കമ്മീഷൻ അംഗം പറഞ്ഞു. അഭിഭാഷകരായ പദ്മജ പദ്മനാഭൻ, കെ.പി. ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.